പെരിയ, മൂന്നാം കടവില്‍ വീണ്ടും വാഹനാപകടം; ലോറി കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് ഗുരുതരം, നാട്ടുകാര്‍ റോഡു തടഞ്ഞു

കാസര്‍കോട്: പെരിയ, മൂന്നാം കടവില്‍ വീണ്ടും വാഹനാപകടം. പെരിയ ഭാഗത്തു നിന്നു കുണ്ടംകുഴി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 8.45 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരെയും ആംബുലന്‍സില്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. സ്ഥിരം അപകടം നടക്കുന്ന സ്ഥലത്താണ് തിങ്കളാഴ്ച രാവിലെ ലോറി അപകടത്തില്‍ പെട്ടത് . റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് സ്ഥിരം അപകടത്തിനു ഇടയാക്കുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു. ഓരോ തവണ അപകടം നടക്കുമ്പോഴും നാട്ടുകാര്‍ ഈ പ്രശ്നം ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍
അധികൃതര്‍ തയ്യാറായിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. ലോറി അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ പെരിയ – മുന്നാം കടവ് റോഡ് തടഞ്ഞിരിക്കുകയാണ്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Scroll to Top