നിലേശ്വരം . 1959 ലാണു കണ്ണൂരിന്റെ രുചിക്കൂട്ടുമായി മട്ടന്നൂര്‍ തായത്ത് പുതിയപുരയില്‍ ടി.പി.അബുവും സഹോദരന്‍ ടി.പി.അഹമ്മദും നീലേശ്വരത്ത് എത്തുന്നത്. മലയോരത്തുനിന്നുള്ള വ്യാപാരികളെയും വിവിധ മേഖലകളിലെ തൊഴിലാളികളെയുംകൊണ്ട് സജീവമായ മെയിന്‍ ബസാറില്‍ ‘ബദരിയ’ എന്ന ഹോട്ടലും അവര്‍ തുടങ്ങി. അന്നുമുതല്‍ നീലേശ്വരത്തിന്റെ രുചിപ്പെരുമ ബദരിയയുടെ പേര് ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി.
സ്ഥാപകരുടെ മരുമക്കളായ മുഹമ്മദ്, അഷ്‌റഫ്, ഹാഷിം എന്നിവരാണ് ഇപ്പോഴും പഴയ തനിമ ചോരാതെ ഹോട്ടല്‍ നടത്തുന്നത്. വിറകടുപ്പില്‍ പാകം ചെയ്ത തലശ്ശേരി സ്റ്റൈല്‍ ദം ബിരിയാണിയാണു ഹൈലൈറ്റ്. ഇതു കഴിക്കാനായി നീലേശ്വരത്തിനു പുറത്തുനിന്നു പോലും ആള്‍ക്കാരെത്തുന്നുണ്ട്. 52 വര്‍ഷം പാചകക്കാരനായിരുന്ന മാഹിന്‍ കഴിഞ്ഞവര്‍ഷം മരിച്ചു. 25 വര്‍ഷത്തിലധികമായി ബദരിയയുടെ കൂടെയുള്ള മട്ടന്നൂര്‍ സ്വദേശി അസീസാണ് പ്രധാന പാചകക്കാരന്‍, പതിറ്റാണ്ടുകളായി ബദരിയയിലെ പാചകം 7 വലിയ വിറകടുപ്പുകളിലാണ് എന്നതാണു പ്രത്യേകത. ചായയ്ക്കായി മാത്രമാണ് ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നത്. അതും വിറകിലേക്കു മാറ്റാവുന്നതാണെന്ന് ഉടമസ്ഥര്‍ പറയുന്നു.
പ്രതിമാസം പരമാവധി 5 ലോഡ് വിറകു വേണ്ടിവരും ഒരു ലോഡിന് 5500 രൂപയാണു വില. വിറകടുപ്പില്‍ പാചകം ചെയ്താലുള്ള രുചി നിലനിര്‍ത്താന്‍ ഗ്യാസ് അടുപ്പിനെ അടുക്കളയില്‍നിന്നു മാറ്റി നിര്‍ത്തിയതിനാല്‍ നിലവിലെ ഗ്യാസ് ലഭ്യതക്കുറവ് കാരണം മറ്റു ഹോട്ടലുകള്‍ പൂട്ടിക്കൊണ്ടിരിക്കുമ്പോഴും ഇതൊന്നും ബദരിയയെ ബാധിക്കുന്നില്ല.
വിറകടുപ്പില്‍ തിളയ്ക്കുന്ന രുചി; ഗ്യാസിനെ കൂസാതെ പതിറ്റാണ്ടുകളുടെ രുചിപ്പെരുമയുമായി നീലേശ്വരത്തെ ബദരിയ ഹോട്ടല്‍




