Home National യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിലെ പുതിയ മാറ്റം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിലെ പുതിയ മാറ്റം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

by KCN CHANNEL
0 comment

ദില്ലി: ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് സമയപരിധി വെട്ടിച്ചുരുക്കിയത്. അതായത് ഇനി മുതല്‍ 60 ദിവസം (യാത്രാ തീയതി ഒഴികെ) മുമ്പ് വരെ മാത്രമേ ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

4 മാസം മുമ്പ് ബുക്ക് ചെയ്ത ശേഷം യാത്ര അടുക്കുമ്പോള്‍ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തില്‍ മാറ്റം വരുത്തുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. 60 ദിവസമെന്ന സമയ പരിധി വരുമ്പോള്‍ യാത്രകള്‍ കൃത്യമായി ക്രമീകരിക്കാനാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. ട്രെയിനുകളുടെ സമയക്രമത്തില്‍ അടക്കം വരുന്ന മാറ്റങ്ങള്‍ ടിക്കറ്റെടുത്തവരെ പ്രതികൂലമായി ബാധിക്കുന്ന സംഭവങ്ങള്‍ ഒഴിവാക്കാനാകുമെന്നും റെയില്‍വേ അറിയിച്ചിരുന്നു.

അതേസമയം, വിദേശ വിനോദ സഞ്ചാരികള്‍ക്ക് 365 ദിവസം മുമ്പ് ടിക്കറ്റെടുക്കാമെന്ന നിയമം മാറ്റങ്ങളില്ലാതെ തുടരും. വ്യത്യസ്ത മുന്‍കൂര്‍ ബുക്കിംഗ് നിയമങ്ങളുള്ള താജ് എക്സ്പ്രസ്, ഗോമതി എക്സ്പ്രസ് തുടങ്ങിയ ചില ഡേടൈം എക്സ്പ്രസ് ട്രെയിനുകള്‍ക്കും പുതിയ മാറ്റങ്ങള്‍ ബാധകമല്ലെന്ന് റെയില്‍വേ അറിയിച്ചിരുന്നു. യാത്രക്കാരെ സഹായിക്കാനാണ് പുതിയ മാറ്റങ്ങളെന്നാണ് റെയില്‍വേയുടെ വിശദീകരണം.

You may also like

Leave a Comment