ജില്ലാ ഭരണകൂടവും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ‘നമസ്‌തേ കളക്ടര്‍’ പദ്ധതി ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ചെമ്മനാട് ജി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. 20 കുട്ടികളും രണ്ട് അധ്യാപകരും പങ്കെടുത്ത വേദിയില്‍ തികച്ചും സൗഹൃദപരമായാണ് കളക്ടര്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയത്.
കാസര്‍കോട് ജില്ലയിലെ സേവനം തനിക്കൊരു പുതിയ അനുഭവമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ജില്ലയുടെ ആരോഗ്യ, കായിക, വിദ്യാഭ്യാസ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും കുട്ടികള്‍ക്ക് ഉറപ്പുനല്‍കി. ഭരണസംവിധാനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കുന്ന ഈ ജനകീയ പദ്ധതി, വരും ആഴ്ചകളില്‍ ജില്ലയിലെ മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.സര്‍ക്കാര്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന നല്‍കുക. കാസര്‍കോട് ജില്ലാ ഭരണകൂടവും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിനും ഭരണപരമായ കാര്യങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി മാര്‍ച്ച് 18നാണ് ‘നമസ്‌തേ കളക്ടര്‍’ പദ്ധതിക്ക് തുടക്കം കുറിച്ചത്.




