ദില്ലി : രാജ്യത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍, പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന പരാമര്‍ശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. വലിയ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാവുകയാണെങ്കില്‍ ആവശ്യമായ ചാര്‍ജിങ് സ്റ്റേഷനുകള്‍ താനേ സ്ഥാപിക്കപ്പെടുമെന്നും, മറ്റ് വാഹനങ്ങള്‍ക്ക് ക്രമേണ നിരോധനം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുടക്കത്തില്‍ ഉയര്‍ന്ന വിലയായിരുന്നുവെങ്കിലും, പിന്നീട് അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നതായി അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ ആവശ്യത്തിന് ചാര്‍ജിങ് പോയിന്റുകളില്ലാത്തതാണ് നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




