യുഎഇയില്‍ ഇറാന്‍ ആക്രമണം; മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് അഞ്ച് ഇന്ത്യക്കാര്‍ക്ക് പരുക്ക്

യുഎഇയില്‍ ഇറാന്‍ ആക്രമണത്തില്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് അഞ്ച് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റു. അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവം. ഗള്‍ഫ് നാടുകളില്‍ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയതിനുള്ള മാനദണ്ഡം പ്രഖ്യാപിച്ചു.

പുലര്‍ച്ചെയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് അബുദാബിയില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റത്. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് പ്രത്യേക സാമ്പത്തിക മേഖലയായ ഖലീഫ ഇക്കണോമിക്ക് സോണ്‍സ് അബുദാബിയില്‍ രണ്ടിടങ്ങളിലായായി തീപിടുത്തമുണ്ടായി. കഴിഞ്ഞ ദിവസം സമാനസാഹചര്യത്തില്‍ അബുദാബിയില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പടെ രണ്ട് പേര് മരിച്ചിരുന്നു. പുലര്‍ച്ചെ റിയാദിന് നേരെയും മിസൈല്‍ ആക്രമണ ശ്രമമുണ്ടായി. ആക്രമണം പ്രതിരോധിച്ചതായി സൗദി പ്രതിരോധവകുപ്പ് അറിയിച്ചു.

ബഹ്റൈനില്‍ പുലര്‍ച്ചെ രണ്ട് തവണ അലാറം മുഴങ്ങി. 24 മണിക്കൂറിനിടെ 6 ഡ്രോണുകള്‍ നേരിട്ടതായി കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് അറിയിച്ചു.ഗള്‍ഫിലെ റദ്ധാക്കിയ പ്‌ളസ് ടു പരീക്ഷ മൂല്യനിര്‍ണയത്തിന് സിബിഎസ്ഇ പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. ക്ലാസ് അസസ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഒരു പരീക്ഷ മുതല്‍ 6 പരീക്ഷവരെ എഴുതാന്‍ ഉള്ളവരുടെ ഫലം പുറത്തുവരുക. ഇന്റേണല്‍ മാര്‍ക്കില്‍ ആര്‍ക്കും മാറ്റമുണ്ടാകില്ല. ഏപ്രില്‍ 6 നും 13 നും ഇടയില്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

Scroll to Top