കസബ കടപ്പുറത്ത് ആവേശം വിതറാന്‍ ബീച്ച് ഫുട്‌ബോള്‍; സംഘാടക സമിതി രൂപീകരിച്ചു

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം സ്വീപ് (SVEEP) ക്യാംപയിനിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ബീച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഒരുക്കങ്ങളായി. ഏപ്രില്‍ രണ്ടിന് -വൈകിട്ട് നാലിന് കാസര്‍കോട് കസബ കടപ്പുറത്ത് നടക്കുന്ന കായിക മാമാങ്കത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കാസര്‍കോട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡി. ഹരിദാസ് പദ്ധതി വിശദീകരിച്ചു.

ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏപ്രില്‍ രണ്ടിന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍, വിവിധ കായിക ക്ലബ്ബ് പ്രതിനിധികള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്വീപ് നോഡല്‍ ഓഫീസര്‍ കെ. രതീഷ് കുമാര്‍ ജനറല്‍ കണ്‍വീനറായും ആയിഷ (സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍) ചെയര്‍പേഴ്‌സണായും മനു, അനുശ്രീ എന്നിവര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍മാരായും ഉള്ള കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായി ഷൈലയെയും ചെയര്‍മാന്‍മാരായി അജിത്ത്, സേതു, വിപിന്‍, ഷിബു, രതീഷ് എന്നിവരെയും തിരഞ്ഞെടുത്തു. മനു , അനുശ്രീ എന്നിവര്‍ സംസാരിച്ചു. ഷൈല സ്വാഗതവും മിന്നു നന്ദിയും രേഖപ്പെടുത്തി. വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ കായിക വിനോദത്തെ പ്രയോജനപ്പെടുത്തുന്ന വേറിട്ട പ്രചരണ പരിപാടികളാണ് സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നത്

Scroll to Top