കടബാധ്യത: ഒരു കുടുംബത്തിലെ ആറ് പേര്‍ ആത്മഹത്യ ചെയ്തു

മധുര: കടബാധ്യതയെത്തുടര്‍ന്ന് തമിഴ്നാട്ടിലെ മധുരയിലെ ഒരു കുടുംബത്തിലെ ആറു പേര്‍ ആത്മഹത്യ ചെയ്തു. രണ്ടു പേര്‍ ഗുരുതര നിലയില്‍ ആശുപത്രയില്‍ ചികിത്സയിലാണ്. ഇവരുടെ വീട്ടില്‍ നിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇതിലാണ് കടബാധ്യതയാണ് കൂട്ടമരണത്തിന് കാരണമെന്ന് സൂചിപ്പിച്ചിട്ടുള്ളത്.

കുറുഞ്ചി കുമാരന്‍, ഇദ്ദേഹത്തിന്റെ സഹോദരന്‍ വേല്‍മുരുകന്‍ ഇവരുടെ അമ്മ ജാഗജ്യോതി, കുറുഞ്ചിയുടെ മകള്‍ തരാനി, വേല്‍മുരുകന്റെ മകള്‍ ജയശക്തി എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. വേല്‍മുരുകന്റെ ഭാര്യ ദേവി ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിക്കാണ് മരിച്ചത്. കുറിഞ്ചിയുടെ ഭാര്യ തങ്കശെല്‍വി, മൂത്ത മകള്‍ ജയമോനിക എന്നിവരെയാണ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവരുടെ കുടുംബം അണ്ണ നഗറില്‍ ഒരു സ്‌കൂള്‍ നടത്തി വരുന്നുണ്ട്. കൂടാതെ ഇവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളും ഉണ്ടായിരുന്നു. ഇതെല്ലാം തകരുകയും കുടുംബത്തിന് കടബാധ്യത ഉണ്ടാകുകയും ചെയ്തു. കുറച്ചു നാളുകളായി കുടുംബം ആകെ തകര്‍ന്ന നിലയിലായിരുന്നെന്ന് ഇവരുടെ ബന്ധു പറയുന്നു.
ഞാറാഴ്ച രാവിലെ മുതല്‍ കുടുംബത്തിലെ ആരെയും പുറത്തുകാണാത്തതിനെ തുടര്‍ന്ന് ഇവരുടെ ബന്ധുവായ രാമചന്ദ്രന്‍ വീട്ടില്‍ ചെന്ന് ഇവരെ വിളിച്ചു. എന്നാല്‍ ആരും വാതില്‍ തുറന്നില്ല. പിന്നീട് അയല്‍ വാസികളുമായി ചെന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് ഇവര്‍ മരിച്ചു കിടക്കുന്നതായി കണ്ടത്.
ആംബുലന്‍സ് എത്താന്‍ വൈകിയതിനാലാണ് വേല്‍മുരുകന്റെ ഭാര്യയെ രക്ഷിക്കാന്‍ സാധിക്കാത്തതെന്ന് അയല്‍വാസികള്‍ പറയുന്നു. ഓട്ടോയിലായിരുന്നു ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. കുറുഞ്ചിയുടെ മകള്‍ ജയമോനികയെ ഇരു ചക്രവാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ബാക്കിയുള്ളവരെ പ്രൈവറ്റ് ബസ്സ് തടഞ്ഞു നിര്‍ത്തി അതിലാണ് ആശുപത്രയില്‍ കൊണ്ടുപോയതെന്ന് ഇവരുടെ ബന്ധു രവിചന്ദ്രന്‍ പറഞ്ഞു.

KCN

more recommended stories