കോമ്പിങ് ഓപ്പറേഷന്‍; നിരവധി പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

കാസര്‍കോട് : സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് കോടതിയിലും പോലീസ് സ്‌റ്റേഷനിലും ഹാജരാകാതെ ഒളിവില്‍ കഴിയുന്നവര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ കോമ്പിങ് ഓപ്പറേഷനില്‍ നിരവധി പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റിലായവരില്‍ ഭൂരിഭാഗവും വര്‍ഷങ്ങളായി ഒളിവിലായിരുന്നു. കാസര്‍കോഡ് പോലീസ് സ്‌റ്റേഷന്‍-നാല്, ഹോസ്ദുര്‍ഗ് -രണ്ട്, മഞ്ചേശ്വരം, ബദിയടുക്ക, ബേക്കല്‍, അമ്പലത്തറ പോലീസ് സ്റ്റേഷനുകളില്‍ ഒന്നു വീതവും ഉള്‍പ്പെടെ പത്തുപേരെ പിടികൂടി. കോടതിയുടെ സമന്‍സ് ഉണ്ടായിട്ടും കോടതിയില്‍ ഹാജരാകാതെ ഒഴിഞ്ഞു മാറി വാറണ്ടായ 35 പേരെയും അറസ്റ്റ് ചെയ്തു കോടതി മുമ്പാകെ ഹാജരാക്കി. ഇതില്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എട്ടു പേരും കുമ്പള പോലീസ് സ്‌റ്റേഷനില്‍ അഞ്ചുപേരും, മഞ്ചേശ്വരം, കാസര്‍കോട്, ബദിയടുക്ക, അമ്പലത്തറ പോലീസ് സ്‌റ്റേഷനുകളില്‍ മൂന്നുവീതവും കൂടാതെ മറ്റ് പത്തുപേരും ഉള്‍പ്പെടുന്നു.

ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എല്ലാ ഹോട്ടലുകളിലും, ലോഡ്ജുകളിലും, ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായി പരിശോധന നടത്തി. പരിശോധനയില്‍ സംശയം തോന്നിയ 68 പേരെ ചോദ്യം ചെയ്തു വിശദാംശങ്ങള്‍ ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഓപ്പറേഷനില്‍ ജില്ലയിലെ മുഴുവന്‍ ഡിവൈഎസ്പി മാരും, സിഐ മാരും, എസ്‌ഐ മാരും, ഷാഡോ പോലീസ്, ഡിപിസി എല്‍പി സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം, മറ്റു സിവില്‍ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. അടുത്ത മാസവും ഇത്തരത്തില്‍ കോമ്പിങ് ഓപ്പറേഷന്‍ നടത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

KCN

more recommended stories