ആദ്യ ട്വന്റി-20: ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ന്യൂഡല്‍ഹി: ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ന്യുസിലാന്റിനെതിരായ ട്വന്റി-20 പരമ്പരയിലും ഇന്ത്യക്ക് ജയത്തോടെ തുടക്കം. 53 റണ്‍സിന്റെ ഉജ്ജ്വല ജയം. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വെല്ലുവിളി മറികടക്കാന്‍ കഴിയാതെ പതറിയ കിവീസ് എട്ട് വിക്കറ്റിന് 149ന് റണ്‍സിന് കീഴടങ്ങി. ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതെ പോയ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ലാതമും (39) ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസും (28) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. അവസാന മത്സരം കളിക്കുന്ന വെറ്ററന്‍ ബൗളര്‍ ആശിഷ് നെഹ്‌റയ്‌ക്കൊപ്പം ബൗളിങ് ഓപ്പണ്‍ ചെയ്തത് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലായിരുന്നു. ആദ്യ ഓവറില്‍ തന്നെ ചാഹല്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ വീഴ്ത്തി. നൂല് കെട്ടിപ്പിടിച്ച വിധം സൈറ്റ് സ്‌ക്രീനിനു നേരേ ഉയര്‍ത്തി അടിച്ച പന്ത് അസാമാന്യ വേഗത്തില്‍ പറന്നുയര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ കൈപ്പിടിയിലൊതുക്കിയത് അവിശ്വസനീയമായി സ്‌റ്റേഡിയം കണ്ടുനിന്നു. ഒരു നിമിഷം ഗുപ്റ്റിലിനു പോലും വിശ്വസിക്കാനായില്ല ആ ക്യാച്ച്. അത്ര മനോഹരമായിരുന്നു പാണ്ഡ്യയുടെ ക്യാച്ച്. പിന്നെ വിക്കറ്റുകള്‍ പൊഴിഞ്ഞുകൊണ്ടേയിരുന്നു. കോളിന്‍ മണ്‍റോയുടെ കുറ്റി ഭുവനേശ്വറിന്റെ യോര്‍ക്കറില്‍ തെറിച്ചു. പിന്നീട് വാലറ്റത്ത് മിച്ചല്‍ സാന്റ്‌നര്‍ മാത്രമാണ് പോരാടിയുള്ളു. നേരത്തെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ മികച്ച തുടക്കംമാണ് കിട്ടിയത്. സ്വന്തം ഗ്രൗണ്ടില്‍ ശിഖര്‍ ധവാന്‍ കത്തിക്കയറിയപ്പോള്‍ മറുവശത്ത് രോഹിത് ശര്‍മയും ഒപ്പം ചേര്‍ന്നു. ഒന്നാം വിക്കറ്റില്‍ ഇന്ത്യ വരവു വെച്ചത് 158 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട്. ടോസ് നേടിയ ന്യുസിലന്റ് ഇന്ത്യയെ ബാറ്റിങ്ങിനിറക്കി. ഓരോ പന്തിലും ആക്രമിച്ചു കയറിയ സഖ്യം അതിവേഗം സെഞ്ച്വറി കൂട്ടുകെട്ട് പിന്നിട്ടു. ധവാനും രോഹിതും 80 വീതം റണ്‍സ് നേടി. 52 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്‌സറുമായി ധവാനായിരുന്നു ആക്രമണത്തില്‍ മുന്നില്‍. 55 പന്തില്‍ നാല് സിക്‌സറും ആറ് ബൗണ്ടറിയുമായി രോഹിതും മോശമാക്കിയില്ല. 17-ാമത്തെ ഓവറിലെ രണ്ടാമത്തെ പന്തുവരെ കാത്തിരിക്കേണ്ടിവന്നു കിവീസിന് ആദ്യ വിക്കറ്റ് വീഴ്ത്താന്‍. ടിം സോഥിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാതം പിടിച്ച് ധവാനാണ് ആദ്യം വീണത്. പിഞ്ച് ഹിറ്ററുടെ റോളില്‍ ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യ രണ്ടാം പന്തില്‍ സോധിക്ക് തന്നെ വിക്കറ്റ് നല്‍കി പൂജ്യനായി മടങ്ങി. ലാതമിനു തന്നെ ക്യാച്ച്. പിന്നീട് രോഹിതും അധികം നിന്നില്ല. റിവ്യുവില്‍ ട്രന്റെ് ബോള്‍ട്ടിന്റെ പന്തില്‍ രോഹിത് വീണു. വിക്കറ്റ് കീപ്പര്‍ ലാതമിന് മൂന്നാമത്തെ ക്യാച്ച്. അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച റണ്‍സ് കയറിയില്ലെങ്കിലും 11 പന്തില്‍ മൂന്നു സിക്‌സറുമായി വിരാട് കോഹ്‌ലി 26 റണ്‍സും രണ്ടു പന്തില്‍ സിക്‌സറടക്കം ഏഴ് റണ്‍സുമായി ധോണിയും സ്‌കോര്‍ 200 കടത്തി.

KCN

more recommended stories