ജിഎസ്ടി: ഇന്ത്യന്‍ കോഫി ഹൗസ് ഭക്ഷണവില കുറച്ചു

കൊച്ചി: ഭക്ഷണശാലകള്‍ക്ക് ലഭിച്ച ജിഎസ്ടിയിലെ ഇളവിനെത്തുടര്‍ന്ന് ഇന്ത്യന്‍ കോഫി ഹൗസ് ഭക്ഷണശാലകളില്‍ ഭക്ഷണത്തിന്റെ വില കുറച്ചു. ബുധനാഴ്ച അഞ്ചുശതമാനം ജിഎസ്ടിയാണ് ഇന്ത്യന്‍ കോഫി ഹൗസിന്റെ എല്ലാ റസ്റ്റോറന്റിലും ഈടാക്കിയത്. ചൊവ്വാഴ്ചവരെ എസിയില്‍ 18 ശതമാനവും നോണ്‍ എസിയില്‍ 12 ശതമാനവുമായിരുന്നു. തൃശൂര്‍ ആസ്ഥാനമായ ഇന്ത്യാ കോഫീ ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള 54 റസ്റ്റോറന്റുകളിലും വില കുറഞ്ഞു. തൃശൂരിനു വടക്കുള്ള റസ്റ്റോറന്റുകള്‍ വിലക്കുറവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ സേവന നികുതിയടക്കം വാങ്ങിയ വിലയുടെ പുറമേയാണ് 12 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ഫലത്തില്‍ അഞ്ചു ശതമാനം ജിഎസ്ടിയായി കുറയ്ക്കുമ്‌ബോഴും പഴയതിനെക്കാള്‍ അഞ്ചുശതമാനം വില കൂടുതല്‍ കൊടുക്കേണ്ടിവരികയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ ഇന്ത്യന്‍ കോഫി ഹൗസിന് ഇന്ത്യയൊട്ടാകെ 400 ശാഖകളുണ്ട്. അതേസമയം പല ഹോട്ടലുകളും ജിഎസ്ടി കുറച്ചത് ആഘോഷമാക്കി. എങ്കിലും മറ്റു ഹോട്ടലുകള്‍ പലതും വില കുറക്കാത്തത് കല്ലുകടിയായി. വില കുറയ്ക്കാത്ത ഹോട്ടലുകള്‍ക്കെതിരെ പരിശോധന നടത്തി ശക്തമായ നടപടിയെടുക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി ഡോ. ടി എം തോമസ് ഐസക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

KCN

more recommended stories