നഴ്സുമാര്‍ക്ക് വിജയം; ഭാരത് ആശുപത്രിയിലെ സമരം പിന്‍വലിച്ചു

കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിവന്ന സമരം ഒത്തു തീര്‍പ്പായി. ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്നാണ് 110 ദിവസം നീണ്ടുനിന്ന സമരത്തിന് അന്ത്യമായിരിക്കുന്നത്.

പിരിച്ചു വിട്ട നഴ്സ്മാര്‍ക്ക് ഡിസംബര്‍ 31 വരെയുള്ള പ്രവൃത്തി പരിചയ സര്‍ട്ടിക്കറ്റ് നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. സമരം നടന്ന മൂന്ന് മാസത്തെ ശമ്പളം നല്‍കാനും പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കും ധാരണയായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ നഴ്സുമാരുടെ സംഘടന തീരുമാനിച്ചത്.
ശമ്പളവര്‍ധനവ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങളുയര്‍ത്തിയാണ് നഴ്സുമാര്‍ സമരം ആരംഭിച്ചത്. പക്ഷേ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ പേരെയും കരാര്‍ കാലാവധിയുടെ പേര് പറഞ്ഞ് മാനേജ്മെന്റ് പിരിച്ചു വിട്ടതോടെ പ്രധാന സമരാവശ്യം ഇവരെ തിരിച്ചെടുക്കുക എന്നതായി മാറി. ഹൈക്കോടതിയുടെ മധ്യസ്ഥ ചര്‍ച്ചയിലും ജില്ലാ ലേബര്‍ ഓഫീസര്‍ നടത്തിയ സമവായ ശ്രമങ്ങളിലും മാനേജ്മെന്റ് വഴങ്ങാന്‍ കൂട്ടാക്കിയില്ല.
പകരം പിരിഞ്ഞു പോകുന്നവര്‍ക്ക് പ്രതിഫലം നല്‍കാമെന്ന വാഗ്ദാനം മാനേജ്മെന്റ് മുന്നോട്ടു വെച്ചു. എന്നാല്‍ ജോലിയാണ് പ്രധാന ആവശ്യമെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നുമുള്ള നിലപാടിലായിരുന്നു നഴ്സുമാര്‍. തുടര്‍ന്ന് ഒക്ടോബര്‍ 17 മുതല്‍ നഴ്സുമാര്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയായിരുന്നു.
നഴ്സുമാരുടെ സമരത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെട്ടിരുന്നു. എന്നാല്‍ മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന സമരത്തില്‍ രാഷ്ട്രീയപാര്‍ട്ടികളൊന്നും കാര്യമായി ഇടപെട്ടിരുന്നില്ല

KCN

more recommended stories