പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

ഹൈദരാബാദ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 25 കാരിയായ യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ തീകൊളുത്തി. വ്യാഴാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ലാലാഗുഡയിലാണ് സംഭവം. 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലൂമിനിയം വാതിലുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ദളിത് വംശജയായ സന്ധ്യാ റാണിയാണ് ആക്രമിക്കപ്പെട്ടത്.

സംഭവത്തെ കുറിച്ച് ഡി സി പി ബി സുമിത്ത് പറയുന്നത് ഇങ്ങനെയാണ്;

വ്യാഴാഴ്ച വൈകുന്നേരം 6.50 മണിയോടെ സന്ധ്യാ റാണി റോഡിലൂടെ നടന്നുവരികയായിരുന്നു. ഈ സമയം എതിര്‍ദിശയിലൂടെ യുവാവും നടന്നുവരുന്നുണ്ടായിരുന്നു. സന്ധ്യാറാണിയുടെ തൊട്ടടുത്തെത്തിയപ്പോള്‍ യുവാവ് കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ എടുത്ത് യുവതിക്ക് നേരെ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ഇതുകാണാനിടയായ ആളുകള്‍ ഉടന്‍തന്നെ യുവതിയെ രക്ഷപ്പെടുത്താനായി ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ശരീരമാകെ തീ പടര്‍ന്നിരുന്നു. ഇതോടെ 100,108 ആംബുലന്‍സിനെ വിളിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും പ്രതി തന്റെ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവതിയുടെ മൊഴി എടുത്തു. തന്റെ കമ്പനിയില്‍ തന്നെ ജോലി ചെയ്യുന്ന കാര്‍ത്തിക് ആണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതെന്നും കഴിഞ്ഞ കുറേ നാളുകളായി ഇയാള്‍ തന്നെ പ്രണയാഭ്യര്‍ത്ഥനയുമായി വന്ന് ശല്യപ്പെടുത്തുകയാണെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിനുശേഷം കാര്‍ത്തിക്കിന്റെ ഫോണില്‍ പോലീസ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇരയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പോലീസിന് കൂടുതല്‍ മൊഴി എടുക്കാന്‍ സാധിച്ചില്ല. കിട്ടിയ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷമായി കാര്‍ത്തിക് പ്രണയാഭ്യര്‍ത്ഥനയുമായി യുവതിയുടെ പിറകെ നടക്കുകയാണ്. കഴിഞ്ഞദിവസവും കാര്‍ത്തിക് ഇക്കാര്യം പറഞ്ഞാണ് യുവതിയുടെ അടുത്ത് എത്തിയത്. എന്നാല്‍ കാര്‍ത്തിക്കുമായുള്ള പ്രണയബന്ധം തന്റെ കുടുംബം അംഗീകരിക്കില്ലെന്ന് യുവതി അറിയിച്ചതോടെയാണ് ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തിയത്. സന്ധ്യയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് തന്നെയാണ് കാര്‍ത്തിക് വന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

സംഭവ സ്ഥലത്തുനിന്നും ലഭിച്ച സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും പോലീസിന് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതേസമയം കാര്‍ത്തിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തതായുള്ള വിവരം ലഭിച്ചുവെങ്കിലും പോലീസ് അത് നിഷേധിച്ചു. കാര്‍ത്തിക്കിനെതിരെ വധശ്രമത്തിന് ഐ പി സി 307 പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. സന്ധ്യാറാണിയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരിച്ചിരുന്നു. ഇവരുടെ ആറുപെണ്‍മക്കളില്‍ ഏറ്റവും ഇളയവളാണ് സന്ധ്യാറാണി.

KCN

more recommended stories