ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. ഹജ്ജ് സബ്‌സിഡിയായി 700 കോടി രൂപ നല്‍കുന്നതാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ ഹജ്ജ് സബ്‌സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. പകരം ഈ പണം ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കും.

2018 ഓടെ സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് ഹജ് സബ്‌സിഡി, ഹജ്ജ് സേവന പുനരവലോകന സമിതി യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഹജ് സബ്‌സിഡിക്കായി വകയിരുത്തിയിരുന്ന തുക മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി വിനിയോഗിക്കാനാണു നീക്കം. കഴിഞ്ഞ വര്‍ഷം ഹജ്ജ് സബ്‌സിഡി 250 കോടിയായി കുറച്ചിരുന്നു.

സബ്‌സിഡി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ 2012ല്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. 2022ന് ഓടെ ഹജ്ജ് സബ്‌സിഡി നിര്‍ത്തണമെന്നും ആ തുക പാവപ്പെട്ട മുസ്ലിംകളുടെ ഉന്നമനത്തിനായി വിനിയോഗിക്കാമെന്നുമായിരുന്നു കോടതിയുടെ നിര്‍ദേശം. 1.70 ലക്ഷം തീര്‍ത്ഥാടകരെയാണ് പുതിയ തീരുമാനം ബാധിക്കുക.

ഹജ്ജ് യാത്രയുടെ വിമാനക്കൂലിക്ക് സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്കു നല്‍കുന്ന സബ്‌സിഡിയാണ് ഹജ്ജ് സബ്‌സിഡി എന്ന് പൊതുവെ അറിയപ്പെടുന്നത്. മക്കയിലേക്ക് ഇന്ത്യയിലെ പുറപ്പെടല്‍ കേന്ദ്രത്തില്‍നിന്നുള്ള വിമാനക്കൂലിക്കാണ് സബ്‌സിഡി ലഭിക്കുന്നത്. കപ്പല്‍യാത്രയെക്കാള്‍ വിമാനയാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സര്‍ക്കാര്‍ സഹായം എന്ന നിലയില്‍ 1974ല്‍ ഇന്ദിരാഗാന്ധിയാണ് സബ്‌സിഡിക്ക് തുടക്കമിട്ടത്.

KCN

more recommended stories