കാനത്തൂരില്‍ വീണ്ടും കാട്ടാനശല്യം

കാനത്തൂര്‍: കാനത്തൂരില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. ഇന്നു പുലര്‍ച്ചെ മൂടേംവീട്ടില്‍ ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. വി രാഘവന്റെ തോട്ടത്തിലിറങ്ങിയ ആനകള്‍ കവുങ്ങുകളും വാഴകളും പൈപ്പുകളും വ്യാപകമായി തകര്‍ത്തു.

ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഇന്നലെ മൂടേംവീട്ടിലെ വീട്ടുമുറ്റത്തുവരെ എത്തിയ ആനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. രാവിലെയോടെ കാട്ടിലേയ്ക്ക് തിരികെ കയറിയ ആനക്കൂട്ടം ഉള്‍ക്കാട്ടിലേയ്ക്കു പോകാതെ തമ്പടിച്ചിരുന്നു. കാട്ടാനകള്‍ വീണ്ടും നാട്ടിലിറങ്ങാന്‍ സാധ്യത ഉണ്ടെന്നു കണക്കുകൂട്ടിയ നാട്ടുകാര്‍ ഇന്നലെ രാത്രി ഉറങ്ങിയിരുന്നില്ല. പുലര്‍ച്ചെ രണ്ടുമണി വരെ തീക്കൂട്ടിയും പന്തം കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് നാട്ടുകാര്‍ കാവലിരുന്നത്. ഇനി വരില്ലെന്ന കണക്കുകൂട്ടലില്‍ എല്ലാവരും പിരിഞ്ഞുപോയതിനു തൊട്ടുപിന്നാലെയാണ് കുട്ടിയാനയടക്കമുള്ള കാട്ടാനകള്‍ രാഘവന്റെ തോട്ടത്തിലിറങ്ങി വ്യാപകമായി നാശം വിതച്ചത്. ഇന്നു രാവിലെയോടെ കാടു കയറിയ ആനകള്‍ വനാതിര്‍ത്തിയില്‍ തന്നെ നില്‍ക്കുകയാണ്.
സമീപ പ്രദേശത്ത് ഇഷ്ടംപോലെ വെള്ളം ലഭിക്കുന്നതിനാലാണ് ആനകള്‍ ഉള്‍ക്കാട്ടിലേയ്ക്ക് പോകാതിരിക്കാന്‍ കാരണം. പകല്‍ നേരത്ത് ജലാശയത്തിനു സമീപം നിലയുറപ്പിച്ച ആനക്കൂട്ടം, രാത്രിയോടെയാണ് തീറ്റ തേടി കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം വീട്ടില്‍ കാട്ടാന ശല്യം രൂക്ഷമായത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

KCN

more recommended stories