കലാലയങ്ങളിലടക്കം കഞ്ചാവ് വില്‍പന: സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി

കാസര്‍കോട്: കാസര്‍കോട്ടും പരിസരങ്ങളിലും കലാലയങ്ങളിലടക്കം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കാസര്‍കോട്ടെ ഒരു കോളജിലെ ഒരു വിദ്യാര്‍ത്ഥിയെയും മംഗളൂരുവിലെ കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥിയെയും പിടികൂടിയത്.

കാസര്‍കോട്ട് വെച്ച് നാടകീയമായാണ് കഞ്ചാവ് സംഘത്തെ പോലീസ് കുടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ കഞ്ചാവ് ഇടപാട് നടത്തിവന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ഇവര്‍ എത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

കണ്ണൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളാണ് പോലീസ് പിടിയിലായത്. ഇതില്‍ ഒരാള്‍ വിദ്യാര്‍ത്ഥി നേതാവാണെന്നാണ് സൂചന. കാസര്‍കോട്ട് നിന്നും മംഗളൂരുവിലെ കോളേജിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടയിലാണ് ഇരുവരും വലയിലായതെന്നാണ് വിവരം. കുമ്ബള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് തലവന്‍ മുന്നയുടെ ഏജന്റാണ് വിദ്യാര്‍ത്ഥി നേതാവെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതിന് ഈ വിദ്യാര്‍ത്ഥിക്കെതിരെ മൂന്ന് കേസുകള്‍ നിലവിലുള്ളതായാണ് വിവരം. ഹോസ്റ്റലില്‍ താമസിച്ചാണ് വിദ്യാര്‍ത്ഥി പഠിക്കുന്നത്.

ആന്ധ്രയില്‍ നിന്നും ഇടുക്കിയില്‍ നിന്നും വന്‍തോതില്‍ കാസര്‍കോട്ടെത്തിക്കുന്ന കഞ്ചാവ് മറ്റു സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്ന ഏജന്റുമാരില്‍ രണ്ടുപേരാണ് പിടിയിലായവരെന്നും സൂചനയുണ്ട്. കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് മറ്റു ചില ഏജന്റുമാരെകൂടി കിട്ടാനുണ്ടെന്ന് പോലീസ് സൂചന നല്‍കുന്നു. മംഗളൂരുവിലെ കോളേജിലേക്ക് ബൈക്കുകളിലാണ് കഞ്ചാവ് പൊതി എത്തിക്കുന്നത്. കാസര്‍കോട് ജില്ലയിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. സ്‌കൂളുകളില്‍ പോലും കഞ്ചാവ് എത്തിക്കുന്നുണ്ട്. കഞ്ചാവ് കടത്തിന്റെ ഏജന്റുമാരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഏതാനും പേരെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.

വാടകയ്ക്ക് എടുത്ത കാറുകളില്‍ നിന്നാണ് ആന്ധ്രയില്‍ നിന്നും മറ്റും കഞ്ചാവ് കൊണ്ടുവരുന്നത്. മയക്കുമരുന്നതിനെതിരെ രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നാണ് പോലീസ് പറയുന്നത്.

KCN

more recommended stories