നഴ്‌സുമാരുടെ മിനിമം വേതനം: ചര്‍ച്ച പരാജയം

തിരുവനന്തപുരം: മിനിമം വേതനം സംബന്ധിച്ച് സമവായത്തിലെത്തുന്നതിനായി നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടന പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. 35 ശതമാനത്തില്‍ കൂടുതല്‍ വേതന വര്‍ധനവ് നഴ്‌സുമാര്‍ക്ക് നല്‍കാനാവില്ലെന്ന് മാനേജ്‌മെന്റുകള്‍ യോഗത്തില്‍ നിലപാടെടുത്തു. മിനിമം വേതനം സംബന്ധിച്ച് വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ ഇറക്കണമെന്ന് നഴ്‌സുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മിനിമം വേതനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സംഘടന വ്യക്തമാക്കി. അല്ലെങ്കില്‍ ഏപ്രില്‍ 20 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഇവരുടെ സംഘടനകള്‍ അറിയിച്ചു.

20,000 മുതല്‍ 26000 വരെ ശമ്പളം നഴ്‌സ്മാര്‍ക്ക് നല്‍കാമെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചു. നഴ്‌സ് ഇതര തൊഴിലാളികള്‍ക്ക് 16000 മുതല്‍ 18500 വരെ ശമ്പളം നല്‍കും. ഇതുസംബന്ധിച്ച കേസിലെ നിയമനടപടികള്‍ തുടരുമെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി.

മിനിമം വേതനത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനത്തെ അംഗീകരിക്കുന്നില്ലെങ്കില്‍ മാനേജ്‌മെന്റ് കോടതിയില്‍ പോകട്ടെയെന്നും സംഘടന സര്‍ക്കാറിനെ അറിയിച്ചു. 200 കിടക്കകള്‍ക്ക് മുകളിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പളം നല്‍കണമെന്നും 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ ശമ്പളം നല്‍കണമെന്നുമാണ് വിഷയം പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ ശിപാര്‍ശയെന്നാണ് വിവരം.

KCN

more recommended stories