കേരളം ഒന്നാമതെന്ന സര്‍ക്കാര്‍ പരസ്യം കബളിപ്പിക്കല്‍: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭരണ നിര്‍വഹണ മികവില്‍ കേരളം ഒന്നാമത് എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കോടികള്‍ മുടക്കി ഇന്ന് നല്‍കിയ പരസ്യം വസ്തുതാ വിരുദ്ധവും പൊതു ജനത്തെ കബളിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബംഗളുരുവിലെ പബ്ലിക് അഫയേഴ്സ് സെന്ററിന്റെ 2018 ലെ സര്‍വ്വേ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സര്‍വ്വേയില്‍ കേരളം പലതിലും ഒന്നാമതല്ല എന്ന് മാത്രമല്ല മുന്‍വര്‍ഷങ്ങളെക്കാള്‍ പിന്നാക്കം പോവുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. പൊതു ഖജനാവിലെ ജനങ്ങളുടെ നികുതിപ്പണം അസത്യം പ്രചരിപ്പിച്ച് മേനി നടിക്കാന്‍ വേണ്ടി ഇടതു സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത് പൊറുക്കാന്‍ കഴിയാത്ത തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സാമൂഹ്യ സുരക്ഷയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന മട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നതെങ്കിലും സര്‍വ്വേയില്‍ യഥാര്‍ത്ഥത്തില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ഒഡീഷയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് തെലുങ്കാനയും. പിന്നീട് പഞ്ചാബും ജാര്‍ഖണ്ഡും കഴിഞ്ഞിട്ടേ കേരളം വരുന്നുള്ളൂ. ഇത് മറച്ചു വച്ചാണ് കേരളം ഒന്നാം സ്ഥാനത്ത് എന്ന മട്ടില്‍ പരസ്യം നല്‍കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ വിശ്വാസ്യതയിലും സുതാര്യതയിലും സര്‍വ്വേ അനുസരിച്ച് കേരളം 11-ാം സ്ഥാനത്താണെങ്കിലും പരസ്യത്തില്‍ ഒന്നാം സ്ഥാനത്താണ്. ക്രമസമാധാന നിലയില്‍ സര്‍വ്വേ പ്രകാരം കേരളം യഥാര്‍ത്ഥത്തില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ഒന്നാം സ്ഥാനത്താണെന്ന മട്ടിലാണ് സര്‍ക്കാരിന്റെ പരസ്യം. യഥാര്‍ത്ഥത്തില്‍ ഒന്നാം സ്ഥാനത്തിന്റെ അവകാശി തമിഴ്നാടാണ്. പിണറായി സര്‍ക്കാര്‍ അത് തട്ടിയെടുത്തിരിക്കുകയാണ്. നീതിനിര്‍വഹണത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതായി പരസ്യത്തില്‍ നടിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ലഭിച്ചത് ആറാം സ്ഥാനമാണ്. മദ്ധ്യപ്രദേശിന്റെ ഒന്നാം സ്ഥാനമാണ് ഇടതു സര്‍ക്കാര്‍ അടിച്ചു മാറ്റിയിരിക്കുന്നത്.

KCN

more recommended stories