പ്രളയ ദുരിതം – സഹചാരിയുടെ പുനരധിവാസ ഫണ്ടിലേക്ക് കാരുണ്യത്തിന്റെ കൈകള്‍ നീട്ടുക – ഖലീലുറഹ്മാന്‍ അല്‍ കാശിഫി

ദുബായ് : കേരളത്തെ പ്രളയക്കെടുതിയില്‍ നിന്നും കരകയറ്റാന്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായ് കൈകോര്‍ക്കണമെന്നും ദുരിതബാധിതരായ ജനലക്ഷങ്ങളുടെ പുനരധിവാസ ഫണ്ടിലേക്കായ് എസ് കെ എസ് എസ് എഫ് സ്വരൂപിക്കുന്ന സഹചാരി ഫണ്ടിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കികൊണ്ട് ഈ ഉദ്യമം വിജയിപ്പിക്കണമെന്നും എസ് കെ എസ് എസ് എഫ് നാഷണല്‍ കമ്മിറ്റി ഉപാധ്യക്ഷനും യു എ ഇ എസ് കെ എസ് എസ് എഫ് കാസറകോട് ജില്ലാ കോഡിനേഷന്‍ ചെയര്‍മാനുമായ ഖലീലുറഹ്മാന്‍ അല്‍ കാശിഫി ആവിശ്യപ്പെട്ടു.

ദുബായ് എസ് കെ എസ് എസ് എഫ് കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അറഫാസംഗമ സന്ദേശവും പയ്യക്കി ഉസ്താദ്, ചെര്‍ക്കളം അബ്ദുല്ല അനുസ്മരണവും എന്ന സംഗമത്തില്‍ മുഖ്യഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സിദ്ദീഖ് കനിയടുക്കത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സയ്യിദ് അബ്ദുല്‍ ഹഖീം അല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

അറഫ എന്നത് മാനവികതയുടേയും,ജീവകാരുണ്യത്തിന്റേയും സ്ത്രീ സുരക്ഷയുടേയും അടിമത്വ മോചനത്തിന്റേയും,തൊഴിലാളി ക്ഷേമത്തിന്റേയും,ആധുനീക നാഗരികതയുടേയും ആഗോള പ്രഖ്യാപനമായിരുന്നു. തന്റെ ഇരുപത്തിമൂന്ന് വര്‍ഷത്തെ ഇസ്ലാമിക ദൗത്യത്തിന്റെ പൂര്‍ത്തീകരണം പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ അനുഗ്രഹം പ്രവാചകന്‍ മുഹമ്മദ് മുസ്തഫ (സ.അ ) കാണിച്ചതും പഠിപ്പിച്ചതും സഹജീവി സ്‌നേഹവും കാരുണ്യവും തന്നെയാണ്. ആ വഴിയില്‍ സഞ്ചരിച്ചുകൊണ്ടാവണം ആധുനീക സമൂഹത്തിന് അറഫയുടെ സന്ദേശം നാം എത്തിച്ചുകൊടുക്കേണ്ടത്.

പൂര്‍വ്വസൂരികളായ മഹത്വുക്കളിലൂടെ തലമുറ തലമുറകളായി കൈമാറി വന്ന സുകൃതങ്ങളിലൊന്നാണ് സഹജീവികളോടുള്ള കാരുണ്യ മനസ്‌കത. നമ്മുടെ സഹോദരങ്ങള്‍ പ്രളയക്കെടുതിയില്‍ സര്‍വ്വവും നഷ്ടപ്പെട്ടു കഴിയുംബോള്‍ അവരെ സഹായിക്കേണ്ടത് ഓരോ മുസ്ലിമിന്റേയും ഇസ്ലാമികമായ കടമയാണ്. എസ് കെ എസ് എസ് എഫിന്റെ സംസ്ഥാന നേതൃത്വം ദൗത്യനിര്‍വ്വഹണത്തിന് ചുക്കാന്‍ പിടിക്കുംബോള്‍ നാമും അതില്‍ അണി ചേരണം – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉസ്താദ് യാഖൂബ് മൗലവി പയ്യക്കി ഉസ്താദ് അനുസ്മരണ പ്രഭാഷണവും അസീസ് ബാഖവി നസ്വീഹത്തും നടത്തി. സംഗമത്തിന് ജനഃസെക്രട്ടറി സുബൈര്‍ മാങ്ങാട് സ്വാഗതവും ട്രഷറര്‍ ശാഫി അസ്ഹദി നന്ദിയും പറഞ്ഞു.

KCN

more recommended stories