മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രത്തിന് തുടക്കമായി; പൂജയോട് കൂടി ആരംഭം

നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് തുടക്കമായി. പൂജാ വേളയിലെ ചിത്രങ്ങള്‍ പങ്കിട്ടു കൊണ്ട് സംവിധായകന്‍ ഷാജി കൈലാസും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരുമാണ് സിനിമ തുടങ്ങിയ വിവരം അറിയിച്ചത്. 2009 ല്‍ റിലീസ് ചെയ്ത റെഡ് ചിലീസ് എന്ന സിനിമയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രം.

1997ല്‍ പുറത്തിറങ്ങിയ ആറാം തമ്ബുരാന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മുതലാണ് മോഹന്‍ലാല്‍ ഷാജി കൈലാസ് ടീം മലയാള സിനിമയില്‍ വിജയം കൊയ്യാന്‍ ആരംഭിച്ചത്. മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്മാരായ ചിത്രം ബോക്‌സ് ഓഫീസില്‍ 7.5 കോടി രൂപ കളക്ഷന്‍ നേടി. 250 ദിവസത്തിന് മേല്‍ തുടര്‍ച്ചയായി തിയേറ്ററുകളില്‍ ഓടിയ ചിത്രം മോഹന്‍ലാല്‍ നായകനായ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് ആണ് ഭേദിച്ചത്. കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്ബുരാന്‍ എന്ന കില്ലാഡി അക്കാലത്തെ യുവ ജനതയുടെ ഹരമായി മാറി. ഈ വിജയ ഫോര്‍മുല തന്നെ നരസിംഹം സിനിമയിലും ആവര്‍ത്തിച്ചു.

2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം മോഹന്‍ലാലിന്റെ പൂവള്ളി ഇന്ദുചൂഡനായി അവതരിപ്പിച്ചു. രണ്ടു കോടി മുടക്കുമുതലില്‍ നിര്‍മ്മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ 22 കോടി തൂത്തുവാരി അതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി മാറി. ഈ ചിത്രമാണ് ആന്റണി പെരുമ്ബാവൂര്‍ എന്ന നിര്‍മ്മാതാവിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതും. മോഹന്‍ലാല്‍, ഐശ്വര്യ എന്നിവരായിരുന്നു നായകനും നായികയും.

അതില്‍പ്പിന്നീട് താണ്ഡവം (2002), നാട്ടുരാജാവ് (2004), ബാബാ കല്യാണി (2006), റെഡ് ചില്ലീസ് (2009) തുടങ്ങിയ സിനിമകള്‍ അവരുടേതായി ഇറങ്ങി. ആദ്യ ചിത്രങ്ങള്‍ പോലെ ഓളം സൃഷ്ടിച്ചില്ലെങ്കിലും ഇവയിലെ മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

2013ലെ ‘ജിഞ്ചര്‍’ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ് വീണ്ടും മലയാള സിനിമാ സംവിധാനത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. മടങ്ങിവരവ് സിനിമയായ ‘കടുവ’യിലെ നായകന്‍ പൃഥ്വിരാജ് സുകുമാരനാണ്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെയാണ് ഇതില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

KCN

more recommended stories