രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലമായി മാറാന്‍ പാമ്പന്‍ പാലം ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലമായി മാറാന്‍ പാമ്ബന്‍ പാലം ഒരുങ്ങുന്നു. രാമേശ്വരത്തെ പുത്തന്‍ പാമ്പന്‍ പാലത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്ത് ആദ്യമായി നിര്‍മ്മിക്കുന്ന വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലമാണിത്. കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനുള്ള വഴിയൊരുക്കുന്നതിനായി പാലത്തിന്റെ മധ്യഭാഗം പൂര്‍ണമായി ഉയര്‍ത്തുകയാണ് ചെയ്യുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. 104 വര്‍ഷം പഴക്കമുള്ള പാമ്ബന്‍ പാലത്തിന് പകരമായിട്ട് 250 കോടി രൂപ ചെലവിട്ട് പുതിയ പാലം ഒരുങ്ങുന്നത്. രാമേശ്വരത്തെ മണ്ഡപവുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന് 101 പില്ലറുകളാണ് ഉള്ളത്.

കപ്പലുകള്‍ കടന്നുപോകുന്നതിനായി 63 മീറ്റര്‍ നാവിഗേഷന്‍ സ്പാന്‍ പുതിയ പാലത്തിനുള്ളപ്പോള്‍ പഴയ പാലത്തിന് 22 മീറ്റര്‍ മാത്രമാണുള്ളത്. പാലത്തിന്റെ ഇരുവശങ്ങളിലേയും സെന്‍സര്‍ ഉപയോഗിച്ചാണ് പാലം പ്രവര്‍ത്തിക്കുന്നത്. ലംബമായി കുത്തനേ ഉയര്‍ന്ന് കപ്പലുകള്‍ക്ക് വഴിയൊരുക്കയാണ് ചെയ്യുക.

2019ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. തുരുമ്ബ് പിടിക്കാത്ത സ്റ്റീല്‍ റീഇന്‍ഫോഴ്സ്മെന്റ്, കോമ്‌ബോസിറ്റ് സ്ലീപ്പേഴ്സ്, കട്ടിങ് എഡ്ജ് സാങ്കേതികത, ദീര്‍ഘകാലം നിലനില്‍ക്കുന്ന പെയിന്റ്ങ് എന്നീ പ്രത്യേകതയോടുകൂടെയാണ് പുതിയ പാലം ഒരുങ്ങുന്നത്.

1914ല്‍ പ്രവര്‍ത്തനസജ്ജമായി പഴയ പാമ്ബന്‍പാലം രാജ്യത്തെ ആദ്യ കടല്‍പ്പാലമാണ്. മൂന്നു വര്‍ഷം കൊണ്ടായിരുന്നു പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ ചിത്രങ്ങളാണ് കേന്ദ്രമന്ത്രി പങ്കുവെച്ചിരിക്കുന്നത്. ഇരട്ട ട്രാക്കുകളുള്ള ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലമായ ഇത് അടുത്ത വര്‍ഷം മാര്‍ച്ചോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് മന്ത്രി വ്യക്തമാക്കി.

KCN

more recommended stories