ഇന്ധന വിതരണ ലൈനിലെ തകരാര്‍; റാംഗ്ലര്‍ എസ്‌യുവിയുടെ 39 വാഹനങ്ങള്‍ തിരികെ വിളിച്ച് ജീപ്പ് ഇന്ത്യ

ഇന്ധന വിതരണ ലൈനിലെ കണക്റ്ററുടെ തകരാറു മൂലം ഇന്ത്യയിലെ ഓഫ് റോഡ് മോഡല്‍ എസ് യു വി റാംഗ്ലറിന്റെ 39 യൂണിറ്റുകള്‍ പ്രമുഖ ഓട്ടോമൊബൈല്‍ കമ്ബനിയായ ജീപ്പ് തിരികെ വിളിച്ചു. ഇറക്കുമതി ചെയ്യപ്പെട്ട ഈ വാഹനങ്ങള്‍ നിര്‍മിച്ചത് 2020 ജനുവരി 24 നും മാര്‍ച്ച് 17 നും ഇടയിലാണ്. ഇന്ത്യയില്‍ അസംബിള്‍ ചെയ്ത റാംഗ്ലര്‍ മോഡലുകള്‍ വില്‍പ്പനയ്‌ക്കെത്തിയത് 2021 മാര്‍ച്ചിലായതുകൊണ്ട് തന്നെ അവ സുരക്ഷിതമാണെന്ന് ജീപ്പ് ഇന്ത്യ ഉറപ്പു നല്‍കുന്നു. ഇന്ധന വിതരണ ലൈനിന്റെ കണക്റ്ററുടെ തകരാര്‍ പരിശോധിക്കുന്നതിനായി ഈ പ്രശ്‌നം തിരിച്ചറിഞ്ഞ വാഹനങ്ങളുടെ ഉടമകളെ കമ്ബനി ബന്ധപ്പെടും. തകരാര്‍ സ്ഥിരീകരിച്ചാല്‍ സൗജന്യമായി ആ ഭാഗം മാറ്റി നല്‍കുമെന്നും കമ്ബനി അറിയിച്ചു.

തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഇന്ധന വിതരണ ലൈനിന്റെ കണക്റ്ററില്‍ വിള്ളല്‍ വീഴുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിദഗ്ദ്ധമായ പരിശോധന നടത്തിയില്ലെങ്കില്‍ ഇന്ധനം ചോരാനും തീപിടിക്കാനും ജീവനും സ്വത്തിനും ഹാനി സംഭവിക്കുന്ന ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്തുകയാണെന്നും ജീപ്പ് ഇന്ത്യ പറഞ്ഞു.

‘ഞങ്ങള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന കാര്യങ്ങളാണ് ഉപഭോക്താക്കളുടെ സുരക്ഷയും വാഹനങ്ങളുടെ ഗുണനിലവാരവും. ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള ഞങ്ങളുടെ ക്വാളിറ്റി കണ്‍ട്രോള്‍ പ്രോസസ് കണിശമായി നടത്തുന്നതിന്റെ ഭാഗമായാണ് ഈ പ്രശ്‌നം നേരത്തെ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞത്’, ജീപ്പ് ഇന്ത്യയുടെ തലവന്‍ നിപുന്‍ മഹാജന്‍ പറയുന്നു. ‘രാജ്യത്തുടനീളമുള്ള ഞങ്ങളുടെ അംഗീകൃത വര്‍ക്ക് ഷോപ്പുകളിലെ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ദ്ധര്‍ ഉപഭോക്താക്കളില്‍ നിന്ന് പണമൊന്നും ഈടാക്കാതെ ആവശ്യമായ പരിശോധനകള്‍ നടത്തും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ റാംഗ്ലറിന്റെ എക്‌സ് ഷോറൂം വില 55.15 ലക്ഷം രൂപയാണ്. 271 പി എസ് 2ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കരുത്ത് നല്‍കുന്ന ഈ എസ് യു വി മോഡലിന് 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്‌സും ഉണ്ട്. ഓഫ് റോഡ് മോഡ് ഉള്‍പ്പെടെയുള്ള ജീപ്പിന്റെ റോക്ക് ട്രാക് സംവിധാനം (റൂബിക്കോണില്‍ മാത്രം), ലോക്കിങ് ഡിഫറന്‍ഷ്യല്‍സ്, സ്വേ ബാര്‍ ഡിസ്‌കണക്റ്റ് എന്നിവ ഈ വാഹനത്തിന്റെ മറ്റു സവിഷേതകളില്‍ ഉള്‍പ്പെടുന്നു.

മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റില്‍ തകരാറ് സംഭവിക്കാനുള്ള സാധ്യതയെ മുന്‍നിര്‍ത്തി കഴിഞ്ഞ മാസം മാരുതി സുസുക്കി 1.81 ലക്ഷത്തോളം വാഹനങ്ങള്‍ തിരികെ വിളിച്ചിരുന്നു. 2018 മെയ് 4 നും 2020 ഒക്‌റ്റോബര്‍ 27 നും ഇടയില്‍ നിര്‍മിച്ച വിറ്റാര ബ്രെസ്സ, സിയാസ്, എര്‍ട്ടിഗ, എസ്‌ക്രോസ്, എക്‌സ് എല്‍ 6 എന്നീ മോഡലുകളുടെ പെട്രോള്‍ വേരിയന്റുകളാണ് സുസുക്കി തിരികെ വിളിച്ചത്. 2021 നവംബര്‍ 1 മുതല്‍ തകരാര്‍ സംഭവിച്ച വാഹനഭാഗങ്ങള്‍ മാറ്റി നല്‍കിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

KCN

more recommended stories