മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്കു താഴെയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു.കനത്ത മഴയാണ് ഡാമിനു സമീപം പെയ്യുന്നതെന്നും സമീപത്തു താമസിക്കുന്നവര്‍ ആശങ്കയിലാണെന്നും കേരളം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മേല്‍നോട്ട സമിതിയുടെ അഭിപ്രായം ആരാഞ്ഞ സുപ്രീം കോടതി കേസ് മറ്റന്നാളത്തേക്കു മാറ്റി.

ജലനിരപ്പ് കുറയ്‌ക്കേണ്ട അടിയന്തര സാഹചര്യമുണ്ടോയെന്ന് കോടതി ആരാഞ്ഞു. മേല്‍നോട്ട സമിതി രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നു കോടതി പറഞ്ഞു.

ജനങ്ങള്‍ പരിഭ്രാന്തിയിലാണന്നും അടിയന്തര കോടതി ഇടപെടല്‍ വേണമെന്നും കേരളം ആവശ്യപ്പെട്ടു. തമിഴ്‌നാട് ഇതിനെ എതിര്‍ത്തു. ഇന്നു രാവിലത്തെ ജലനിരപ്പ് 137ക്കു മുകളിലാണെന്ന് തമിഴ്‌നാട് അറിയിച്ചു. ജലനിരപ്പിന്റെ കാര്യത്തില്‍ കേരളവുമായും മേല്‍നോട്ട സമിതിയുമായും ചര്‍ച്ച നടത്താമെന്ന് തമിഴ്‌നാട് വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.അതിനിടെ, മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോവുന്നുവെന്ന് ഭീതി പരത്തുവന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. മുല്ലപ്പെരിയാറില്‍ പുതുതായി ഇപ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടുമായുള്ള ഭിന്നത ചര്‍ച്ചയിലൂടെ പരിഹരിക്കും. അവിടെ ഇപ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുകയാണ്. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

KCN

more recommended stories