തിരുവനന്തപുരത്തെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി, സംഘാടകരും അതിഥികളും പിടിയില്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാരക്കാട് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി .പാര്‍ട്ടി നടത്തിപ്പുകാരില്‍ നിന്ന് എക്‌സൈസ് ലഹരി വസ്തുക്കള്‍ പിടികൂടി. ഇന്നലെ രാത്രി മുതലാണ് റിസോര്‍ട്ടില്‍ ഡിജെ പാര്‍ട്ടി തുടങ്ങിയെതന്നാണ് വിവരം. പാര്‍ട്ടിയില്‍ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. റിസോര്‍ട്ടില്‍ പരിശോധന തുടരുകയാണ്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് ലഹരി പിടികൂടിയത്.

ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത് ഇയാള്‍ക്കൊപ്പം കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പാര്‍ട്ടിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 50 പേര്‍ പങ്കെടുത്തു. നിര്‍വാണ മ്യൂസിക് ഫെസ്റ്റിവല്‍ എന്ന പേരിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പ്രവേശനത്തിനായി ഒരാളില്‍ നിന്ന് ആയിരം രൂപ വച്ച് വാങ്ങിയെന്നാണ് എക്‌സൈസ് പറയുന്നത്. പാര്‍ട്ടിയില്‍ പങ്കെടുക്കാനും മദ്യത്തിനും പിന്നെയും തുക നല്‍കിയെന്നാണ് പിടിയിലായവരുടെ മൊഴി. പാര്‍ട്ടിയില്‍ പങ്കെടുത്ത 20 പേര്‍ ഇപ്പോഴും റിസോര്‍ട്ടിനകത്താണ്.

പൂവാര്‍ ഐലന്‍ഡിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ബോട്ടില്‍ മാത്രമേ അങ്ങോട്ടേക്ക് പോകാനാകൂ. റിസോര്‍ട്ട് ഉടമയുടെ കൂടി ഒത്താശയോടെയാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. പാര്‍ട്ടിക്ക് വരുന്നവര്‍ക്കായി പ്രത്യേകം ബോട്ടുകള്‍ അടക്കം സജ്ജമാക്കിയിരുന്നു. അക്ഷയ് മോഹന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസമായി വാട്‌സാപ്പിലൂടെയാണ് ലഹരിപാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ ലഭ്യമാക്കിയിരുന്നു.

പാര്‍ട്ടിയില്‍ പങ്കെടുത്ത പലരും ഇപ്പോഴും ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടായ ബോധം മങ്ങിയ അവസ്ഥയിലാണ്. ഇത് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് തടസമാകുന്നുണ്ട്.

KCN

more recommended stories