കൂട്ട അവധിയില്‍ ഇനി പിടിവീഴും; മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ 

സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതില്‍ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. റവന്യൂവകുപ്പാണ് ജീവനക്കാരില്‍ എത്രശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്നതില്‍ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്. കോന്നി താലൂക്ക് ഓഫിസില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുത്തതാണ് റവന്യൂവകുപ്പിന്‍റെ കടുത്ത നീക്കത്തിന് പിന്നില്‍. മൂന്‍കൂട്ടി അവധിക്ക് അപേക്ഷ നല്‍കാതെ അവധിയെടുക്കുന്നത് നിയന്ത്രിക്കാനാണ് നടപടി.

അവധിയെടുക്കുന്നത് ജീവനക്കാരുടെ അവകാശമാണെന്ന് വാദിക്കുമ്പോഴും ഒരു ദിവസം എത്ര ജീവനക്കാര്‍ക്ക് അവധി നല്‍കാമെന്നതില്‍ പ്രത്യേക ചട്ടമില്ല. എല്ലാ ഓഫിസുകളിലും ഓരോ വിഭാഗങ്ങളായി തിരിച്ച് മാര്‍ഗനിര്‍ദേശം കൊണ്ടുവരാനാണ് ആലോചന. കോന്നിയിലെ ജീവനക്കാരുടെ വീഴ്ചയില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ലാന്‍ഡ് റവന്യൂ കമ്മിഷണറുമായി ആലോചിച്ച ശേഷമാകും റവന്യൂ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുക.

ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ഓഫിസ് വിഭാഗങ്ങളില്‍ മാര്‍ഗരേഖ ബാധകമാക്കാനാണ് ആലോചന. ചീഫ് സെക്രട്ടറി തലത്തിലും മുഖ്യമന്ത്രി തലത്തിലും ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം റവന്യൂവകുപ്പ് നടത്തും. വ്യാഴാഴ്ച ചേരുന്ന റവന്യൂ സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യും. റവന്യൂവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയാല്‍ ജനങ്ങളുമായി ബന്ധപ്പെടുന്ന മറ്റുവകുപ്പുകള്‍ അത് പിന്തുടരാനാണ് ആലോചിക്കുന്നത്.

 

 

 

KCN

more recommended stories