‘അരിക്കൊമ്പന്‍ നിരപരാധി, ചിന്നക്കനാലില്‍ എത്തിക്കണം’: ഓട്ടോ ഡ്രൈവറുടെ ഒറ്റയാള്‍ പോരാട്ടം…

മലപ്പുറം ; ജനങ്ങളെ വിറപ്പിച്ച കാട്ടാനയായ അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി യുവാവിന്റെ ഒറ്റയാള്‍ പോരാട്ടം. ഇതിനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ കാല്‍നടയായി യാത്ര ചെയ്യുകയാണ് തൃശൂര്‍ ചാലക്കുടി സ്വദേശി രേവദ് ബാബു. അരിക്കൊമ്പനെ തമിഴ്‌നാട്ടില്‍നിന്ന് തിരിച്ചെത്തിച്ച് സ്വാഭാവിക ആവാസ മേഖലയായ ചിന്നക്കനാലില്‍ വിടണമെന്നാണ് രേവദ് ബാബുവിന്റെ ആവശ്യം.

ചാലക്കുടിയില്‍ ഓട്ടോ ഡ്രൈവറാണ് രേവദ് ബാബു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കാല്‍നടയായി സഞ്ചരിക്കാനാണ് തീരുമാനം. ദിവസവും 100 കിലോമീറ്റര്‍ വീതം നടക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബുധനാഴ്ച അര്‍ധരാത്രി 12 മണിക്കാണ് യാത്ര ആരംഭിച്ചത്. നടക്കുന്ന വഴിയില്‍ നാട്ടുകാരുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നുമുണ്ട്. സെക്രട്ടേറിയറ്റിലെത്തി വനംമന്ത്രി എ.കെ.ശശീന്ദ്രനെ നേരില്‍ കാണാനും രേവദിനു പദ്ധതിയുണ്ട്.

”അരിക്കൊമ്പന്റെ നിരപരാധിത്വം കേരള ജനത തിരിച്ചറിയണം. അരിക്കൊമ്പന്‍ കൊലയാളിയാണെന്നും 9-10 പേരെ കൊന്നുവെന്നുമാണ് എല്ലാവരും മുദ്ര കുത്തുന്നത്. പക്ഷേ, അരിക്കൊമ്പന്‍ 10 പേരെ കൊന്നതിന്റെ തെളിവ് ചിന്നക്കനാല്‍ പഞ്ചായത്തിലോ പൂപ്പാറ പൊലീസ് സ്റ്റേഷനിലോ മൂന്നാര്‍ പൊലീസ് സ്റ്റേഷനിലോ ഇടുക്കി പൊലീസ് സ്റ്റേഷനിലോ മറ്റിടങ്ങളിലോ ഒന്നുമില്ല.” – രേവദ് ചൂണ്ടിക്കാട്ടി.

”ആനയെ എന്തിനാണ് ഇവിടെനിന്ന് മാറ്റിയതെന്ന് നമുക്ക് അറിയണം. അതൊരു നിരപരാധിയായ ആനയായിരുന്നു. ഒരു മനുഷ്യജീവിയെ പോലും ആക്രമിച്ചിട്ടില്ല. അരിക്കൊമ്പനെ കേരള സര്‍ക്കാരും വനംവകുപ്പും തിരുനെല്‍വേലിയില്‍ പോയി പിടിച്ചുകൊണ്ടുവന്ന് അതിന്റെ ആവാസ മേഖലയായ ചിന്നക്കനാലില്‍ എത്തിക്കണം. എന്നിട്ട് ചിന്നക്കനാലിലെ 301 കോളനിയെ സര്‍ക്കാര്‍ ഏറ്റെടുത്ത് അവര്‍ക്ക് ഫ്‌ലാറ്റ് നിര്‍മിച്ചു നല്‍കണം. അതാണ് ശാശ്വത പരിഹാരം. അവര്‍ക്കെല്ലാം സര്‍ക്കാര്‍ സംരക്ഷണം നല്‍കണം. അരിക്കൊമ്പന്‍ പോയാലും അവിടെ കുറെ ആനകളുണ്ട്. തിരുവനന്തപുരത്ത് എത്തുന്നതിനു മുന്‍പ് അതിനു പരിഹാരം കാണണം” – രേവദ് ബാബു ആവശ്യപ്പെട്ടു.

KCN

more recommended stories