കനത്ത മഴ: കാസര്‍കോട് വീരമലക്കുന്നില്‍ മണ്ണിടിഞ്ഞു;ദേശീയ പാതയില്‍ ഗതാഗത തടസ്സം…

ചെറുവത്തൂര്‍ ; കാസര്‍കോട് വീരമലക്കുന്നിടിഞ്ഞ് ദേശീയപാതയിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നു രാവിലെയാണ് അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മാണത്തിനു വേണ്ടി വീരമലയുടെ ഒരു ഭാഗം പൂര്‍ണമായും ഇടിച്ചിരുന്നു. മഴ കനത്തതോടെ ചില ഭാഗങ്ങള്‍ ഇടിഞ്ഞ് റോഡിലേക്ക് വീണാണ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത്. മണ്ണുമാന്തിയന്ത്രം കൊണ്ട് മണ്ണ് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മലയുടെ മുകളില്‍ നിന്നും ശക്തിയായി വെള്ളം ഒഴുകി വരുന്നതാണു മലയിടിയാന്‍ കാരണം. പാത വികസനത്തിന്റെ ഭാഗമായി വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കിയിരുന്നെങ്കിലും ശക്തമായ മഴയില്‍ മണ്ണും ചെളിയും ഒഴുകിയെത്തിയത് വെള്ളം കടന്നുപോകുന്നതിന് തടസ്സമായി. വീരമല കൂടുതല്‍ ഇടിയാതിരിക്കാനുള്ള സംരക്ഷണ സംവിധാനമൊരുക്കാനുള്ള നീക്കത്തിലാണ് ദേശീയപാത അധികൃതര്‍. എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ചെറുവത്തൂര്‍ കൊവ്വലില്‍ ദേശീയപാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡ് നിര്‍മിക്കാന്‍ മണ്ണ് നീക്കം ചെയ്ത സ്ഥലത്താണ് ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത്. തൊട്ടടുത്ത കൊവ്വല്‍ എയുപി സ്‌കൂളിന് സമീപത്തുള്ള മൈതാനവും പൂര്‍ണമായും വെള്ളം കൊണ്ട് നിറഞ്ഞു.

KCN

more recommended stories