വീടിന്റെ മുന്‍ ഭഗത്ത് മണ്ണിടിച്ചില്‍: 12 പേരടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴകയിക്ക്

വെള്ളരിക്കുണ്ട്: ശക്തമായ മഴയില്‍ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായ മാലോം പുഞ്ചയില്‍ 12 പേരടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തില്‍. വെള്ളരിക്കുണ്ട് താലൂകിലെ ബളാല്‍ പഞ്ചായതിലെ പുഞ്ചചെത്തിപ്പുഴ കോളനിയിലെ ചെറുവീട്ടില്‍ കാവേരിയുടെ വീട്ടില്‍ അപകടസമയത്ത് കുട്ടികള്‍ ഉള്‍പെടെ 12 പേരായിരുന്നു ഉണ്ടായിരുന്നത്. നല്ല മഴയായതിനാല്‍ എല്ലാവരും വീടിനുള്ളില്‍ തന്നെയായിരുന്നു. കുട്ടികള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് വീടിന്റെ മുന്‍ ഭാഗത്തുനിന്നും വലിയ ശബ്ദം കേട്ടത്. കാവേരിയും മകനും ഉടന്‍ പുറത്തേക്ക് ഇറങ്ങാന്‍ നോക്കിയപ്പോള്‍ കണ്ടത് വീടിന്റെ വരാന്തവരെയുള്ള മുറ്റം ഒലിച്ചു പോയതായിരുന്നു. അടുക്കളഭാഗത്ത് കൂടി കാവേരിയും മക്കളും ഇറങ്ങി അടുത്ത വീട്ടിലേക്ക് ഓടി. ഒച്ചയും ബഹളവും കേട്ട് അടുത്ത വീട്ടിലുള്ളവരും എത്തി. കാവേരിയുടെ വീടിന്റെ വരാന്തയില്‍ നിന്നും 500 മീറ്റര്‍ അകലെ വരെ മണ്ണിടിച്ചില്‍ ഉണ്ടായി. കവുങ്ങ് തെങ്ങ് റബര്‍ മരങ്ങള്‍ എന്നിവയും കടപുഴകി. ഒരുവര്‍ഷം മുന്‍പാണ് കാവേരി പുതിയ വീട് നിര്‍മിച്ചത്. ശക്തമായ തോതില്‍ മണ്ണിടിഞ്ഞതോടെ കാവേരിയുടെ കുടുംബത്തിന് ഈ വീട് വാസവയോഗ്യമല്ലാതായിരിക്കുകയാണ്. ബന്ധു വീടുകളിലേക്കാണ് കാവേരിയുടെ കുടുംബത്തെ ഇപ്പോള്‍ മാറ്റി പാര്‍പിച്ചിരിക്കുന്നത്. പരപ്പ ബ്ലോക് പഞ്ചായത് പ്രസിഡന്റ് എം ലക്ഷ്മി, ബളാല്‍ പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷന്‍ അലക്‌സ് നെടിയകാലയില്‍, തഹസില്‍ദാര്‍ പി വി മുരളി, വെള്ളരിക്കുണ്ട് എസ് ഐ ഹരികൃഷ്ണന്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വ്യാഴാഴ്ച ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴലഭിച്ചത് വെള്ളരിക്കുണ്ട് താലൂകിലാണ്.

KCN

more recommended stories