4 വിസ സര്‍വീസുകള്‍ ഇന്ത്യ പുനരാരംഭിക്കും

കാനഡയില്‍ നാളെ മുതല്‍ ലഭ്യമാകും

ദില്ലി: നയതന്ത്ര തര്‍ക്കം തുടരുന്നതിനിടെ കാനഡിയില്‍ ഇന്ത്യ ചില വിസ സര്‍വീസുകള്‍ പുനരാരംഭിച്ചു. കാനഡ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനുള്ള ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് വിസ സര്‍വീസുകളാണ് നാളെ മുതല്‍ ലഭ്യമായി തുടങ്ങുക. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന നിലയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അവരുടെ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയോടെയാണ് ഇന്ത്യ കാനഡ ബന്ധം വഷളായത്.

ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതില്‍ കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാനഡയെ അതൃപ്തി അറിയിച്ചിരുന്നു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ ഫോണുകള്‍ ഉള്‍പ്പടെ നിരീക്ഷിക്കുന്നതിലാണ് അതൃപ്തി അറിയിച്ചത്. ഇത് വിയന്ന കണ്‍വന്‍ഷന്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സുരക്ഷാ ഭീഷണി നേരിടുന്നത് കൊണ്ടാണ് വിസ സര്‍വ്വീസ് പുനഃസ്ഥാപിക്കാന്‍ കഴിയാത്തതെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞത്. വിട്ടുകിട്ടേണ്ട ഭീകരരുടെ പട്ടിക കൈമാറിയിട്ടും കാനഡ ഇതിനു തയ്യാറാകുന്നില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. റെഡ്‌കോണര്‍ നോട്ടീസ് ഉണ്ടായിട്ടും ഹര്‍ദീപ് സിംഗ് നിജ്ജറിന് എങ്ങനെ കനേഡിയന്‍ പൗരത്വം കിട്ടിയെന്നത് അന്വേഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ആഴ്ച കാനഡ 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുകയും ഇന്ത്യയിലെ മൂന്ന് റീജ്യണല്‍ ഓഫീസുകളില്‍ വിസ സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച കാനഡയുടെ നടപടിയെ അമേരിക്കയും യുകെയും പിന്തുണച്ചിരുന്നു. ഇന്ത്യ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രതികരിച്ചിരുന്നു.

എന്നാല്‍ കാനഡയോട് കോണ്‍സുലേറ്റുകളിലെ വിസ സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ദില്ലിയിലെ കാനഡ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം കാനഡയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടേതിന് തുല്യമാക്കാനാണ് ആവശ്യപ്പെട്ടതെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. കോണ്‍സുലാര്‍ സര്‍വ്വീസ് നിര്‍ത്തിവച്ചത് വഴി സാധാരണക്കാരെ വലയ്ക്കുന്നത് കാനഡയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. തര്‍ക്കം നീളുന്നത് ഈ ശീതകാലത്ത് കനേഡിയന്‍ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിസ നടപടികള്‍ വൈകാന്‍ ഇടയാക്കും.

KCN

more recommended stories