ചോദ്യംചെയ്യലിനു ഹാജരായില്ല: കേജ്‌രിവാളിനെതിരെ ഇ.ഡി കോടതിയില്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ചോദ്യംചെയ്യലിനു വിളിപ്പിച്ചെങ്കിലും ഹാജരാകാത്ത ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായി അരവിന്ദ് കേജ്‌രിവാളിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയില്‍. കേജ്‌രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി കോടതിയില്‍ ഹര്‍ജി നല്‍കി. ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി, ബുധനാഴ്ച ഇ.ഡിയുടെ ഹര്‍ജി പരിഗണിക്കും.

ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് വിവരങ്ങള്‍ തേടുന്നതിനാണ് ഇ.ഡി മുഖ്യമന്ത്രിയെ വിളിപ്പിച്ചത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നിര്‍ദ്ദേശവും കേജ്‌രിവാള്‍ അവഗണിച്ചിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള ഇ.ഡിയുടെ ആവശ്യം അഞ്ചു തവണയാണ് കേജ്‌രിവാള്‍ തള്ളിയത്

അതേസമയം, കേജ്‌രിവാളിനെ കള്ളക്കേസില്‍ കുടുക്കാന്‍ ബിജെപി ശ്രമിക്കുന്നെന്നാണ് എഎപിയുടെ ആരോപണം. ഇ.ഡിയുടെ നിര്‍ദേശം തള്ളിയ കേജ്‌രിവാള്‍ ഇന്നലെ ഡല്‍ഹിയില്‍ എഎപി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തു. ചണ്ഡിഗഡിലെ മേയര്‍ തിരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഒപ്പമുണ്ടായിരുന്നു.

KCN

more recommended stories