സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് വ്യക്തം, അവര്‍ അക്രമത്തിലാണ് വിശ്വസിക്കുന്നത്: ഗവര്‍ണര്‍

 
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവത്തില്‍ മാതാപിതാക്കള്‍ തനിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറി. സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി മറുപടി നല്‍കി. ഇതില്‍ നിന്നും എസ്എഫ്‌ഐയുടെ പങ്ക് വ്യക്തമാണ്. സംസ്ഥാനത്ത് ചില ശക്തികള്‍ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന ആളെ കൊല്ലപ്പെടുത്തിയെന്ന് ടിപി വധക്കേസ് പരാമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ആ കേസില്‍ ശിക്ഷ ഇപ്പോള്‍ ഹൈക്കോടതി വര്‍ധിപ്പിച്ചു. അക്രമം പ്രോത്സാഹിപ്പിച്ച് സമൂഹത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്? അവര്‍ അക്രമത്തിലാണ് വിശ്വസിക്കുന്നത്. യുവാക്കളാണ് അക്രമത്തില്‍ ഏര്‍പ്പെടുന്നത്. മുതിര്‍ന്ന നേതാക്കളാണ് ടിപി കേസില്‍ ശിക്ഷിക്കപ്പെട്ടത്. അക്രമത്തിന് വേറെ എന്ത് തെളിവ് വേണമെന്നും അദ്ദേഹം ചോദിച്ചു.

കമ്മ്യൂണിസം എല്ലായിടത്തും തകര്‍ന്നത് അക്രമം കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേരളത്തില്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. അക്രമത്തിന് പരിശീലനം നല്‍കുകയാണ് അവര്‍. കേസുകള്‍ പതിറ്റാണ്ടുകള്‍ നീണ്ടുപോകും. പൂര്‍ണ്ണമായും നേതാക്കള്‍ക്ക് അടിമപ്പെടാന്‍ പട്ടാളത്തെ സൃഷ്ടിക്കുകയാണ്. ഒരു ജോലിക്കും അപേക്ഷിക്കാന്‍ ഈ യുവാക്കള്‍ക്ക് കഴിയില്ല. യുവാക്കളുടെ ഭാവി തകര്‍ക്കപ്പെടുന്ന സ്ഥിതിയാണ്.

സംഭവത്തില്‍ അതീവ ദുഃഖമുണ്ട്. കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും സഹോദരനെയും ദുഃഖം കാണണം. ധീരതയുള്ള കുടുംബമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമം ഉപേക്ഷിക്കണം. പ്രവര്‍ത്തന രീതി പുനഃപ്പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം യുവാക്കള്‍ക്ക് അക്രമത്തില്‍ പ്രോത്സാഹനം നല്‍കരുതെന്നും ആവശ്യപ്പെട്ടു.

KCN

more recommended stories