ധീരമായ നിലപാട്’: സര്‍ക്കാരിനെ പുകഴ്ത്തിയും പിന്തുണ പ്രഖ്യാപിച്ചും ഭരണഘടന സംരക്ഷണ റാലിയില്‍ സമസ്ത പ്രതിനിധി

മലപ്പുറം: മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സര്‍ക്കാരിനെ പുകഴ്ത്തിയും പിന്തുണ പ്രഖ്യാപിച്ചും സമസ്ത പ്രതിനിധി സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ. സര്‍ക്കാരിന്റേത് ധീരമായ നിലപാട് എന്നാണ് സമസ്ത പ്രതിനിധി പറഞ്ഞത്. നിയമ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

‘കോടതിയില്‍ പോയി നിയമ നടപടിയെടുക്കുന്നവരെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. സുപ്രിംകോടതിയില്‍ പോയ 237ലേറെ ആളുകള്‍- അതില്‍ വ്യക്തികളുണ്ട്, സംഘടനകളുണ്ട്, കേരള സര്‍ക്കാരിനെ പോലെ സര്‍ക്കാരുകളുണ്ട്. ഇവിടെ എന്‍ആര്‍സി, സിഎഎ നടപ്പാക്കുകയില്ല എന്ന് കേരള സര്‍ക്കാര്‍ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. മലയാള മണ്ണില്‍ ഒരു ഡിറ്റക്ഷന്‍ സെന്റര്‍ സ്ഥാപിക്കുകയില്ല എന്ന് ധീരമായി പ്രഖ്യാപിച്ച സര്‍ക്കാരിനെ പിന്തുണക്കാതിരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആവില്ല എന്നാണ് ഞങ്ങളുടെ വിശ്വാസം’- എന്നാണ് സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സമസ്ത പ്രതിനിധി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമസ്ത പ്രതിനിധി നടത്തിയ പ്രസംഗം മുസ്ലിം ലീഗിനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതും എല്‍ഡിഎഫിനെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതുമാണ്.

പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റിയെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. നിഷ്‌കാസനം ചെയ്യേണ്ട വിഭാഗമായാണ് അവരെ ആര്‍എസ്എസ് കാണുന്നത്. എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് പോരാടിയത്. എന്നാല്‍ ഇന്ത്യയുടെ ആ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

മുകള്‍ ചക്രവര്‍ത്തി ഷാജഹാന്റെ മകന്‍ സംസ്‌കൃതം പഠിച്ചിരുന്നു. അദ്ദേഹം തര്‍ജമ ചെയ്തത് കൊണ്ടാണ് ഉപനിഷത്തുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയത്. അസീമുള്ള ഖാനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് ആര്‍എസ്എസ് ഓര്‍ക്കണം. ഒരു മുസ്ലിം ഉണ്ടാക്കിയത് കൊണ്ട് ഇനി ആ മുദ്രാവാക്യം വിളിക്കണ്ടെന്ന് വെക്കുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്തിന്റെ സംസ്‌കാരം പ്രകാശ പൂര്‍ണമാക്കുന്നതില്‍ മുസ്ലിം വിഭാഗവും വലിയ പങ്കു വഹിച്ചിട്ടുണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

KCN

more recommended stories