ഇന്ത്യയില്‍ ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് 29.1 ശതമാനം

 

ന്യൂഡല്‍ഹി , ഇന്ത്യയില്‍ നിരക്ഷരരായ യുവാക്കളെക്കാള്‍ പലമടങ്ങ് തൊഴിലില്ലായ്മ അനുഭവിക്കുന്നത് ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍. എഴുതാനോ വായിക്കാനോ അറിയാത്തവര്‍ക്കിടയില്‍ 3.4 ശതമാനമാണ് തൊഴിലില്ലായ്മ. എന്നാല്‍ ബിരുദധാരികളായവരുടെ;തൊഴിലില്ലായ്മാ നിരക്ക് 29.1 ശതമാനമാണെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സെക്കന്‍ഡറി തലം വരെ പഠിച്ചവര്‍ക്കിടയില്‍ 18.4 ശതമാനമാണ് തൊഴിലില്ലായ്മ.

സെക്കന്‍ഡറി തലം വരെയോ അതിനു മുകളിലേക്കോ വിദ്യാഭ്യാസം നേടിയ ഇന്ത്യന്‍ യുവാക്കള്‍ കഠിനമായ തൊഴില്‍ക്ഷാമം അനുഭവിക്കുന്നുണ്ടെന്നും ഇതിന്റെ തോത് ഓരോ വര്‍ഷവും ഉയരുകയാണെന്നും ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.;രാജ്യത്തെ തൊഴില്‍ ശക്തിയുടെ നൈപുണ്യവും വിപണിയില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ അവസരവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ രീതിക്കു നേരെ വിമര്‍ശനവുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐഎല്‍എയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ആഗോള നിരക്കിനേക്കാള്‍ ഉയരത്തിലാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ. കാര്‍ഷികേതര മേഖലകളില്‍ വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് മതിയായ പ്രതിഫലം നല്‍കുന്ന ജോലി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഇത് തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. പുരുഷന്മാരെക്കാള്‍ കൂടുതല്‍ വനിതകളാണ് വിദ്യാഭ്യാസമുണ്ടായിട്ടും തൊഴില്‍രഹിതരായി തുടരുന്നത്. തൊഴില്ലായ്മ രൂക്ഷമാവുന്നത് ഗ്രാമീണ മേഖലയേക്കാള്‍ നഗരങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

KCN

more recommended stories