ബൂത്തുകള്‍ സജ്ജം പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു

 

കാസര്‍കോട് ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികള്‍ സ്വീകരണ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്തു. നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരായ ജെഗ്ഗിപോള്‍, പി.ബിനുമോന്‍, നിര്‍മ്മല്‍ റീത്ത ഗോമസ്, സൂഫിയാന്‍ അഹമ്മദ്, പി.ഷാജു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വിതരണം നടന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ ജി.എച്ച്.എസ്.എസ് കുമ്പള, കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, ഉദുമ മണ്ഡലത്തില്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവടങ്ങളിലാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, പൊതു നിരീക്ഷകന്‍ റിഷിരേന്ദ്രകുമാര്‍, ജില്ലാ പോലീസ് മേധാവി പി.ബിജോയ്, എന്നിവര്‍ വിവിധ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വിവിധ പോളിങ് ബൂത്തുകളിലെ പ്രിസൈഡിങ് ഓഫീസര്‍മാരും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഏറ്റുവാങ്ങി. പോളിങ് കഴിഞ്ഞ ശേഷം പ്രിസൈഡിങ് ഓഫീസര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയ മെഷീനും വിവിപാറ്റും സ്വീകരണ വിതരണ കേന്ദ്രങ്ങളിലെത്തിക്കും. തുടര്‍ന്ന് മെഷീനുകളും വിവിപാറ്റുകളും കേന്ദ്ര സര്‍വ്വകലാശാലയിലെ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളുടെ സ്ട്രോങ് റൂം പെരിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഗംഗോത്രി ബ്ലോക്കിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളുടെ ട്രോങ് റൂം പെരിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ കാവേരി ബ്ലോക്കിലും പോസ്റ്റല്‍ ബാലറ്റ് സ്ട്രോങ് റൂം പെരിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ സബര്‍മതി ബ്ലോക്കിലുമാണ് ഒരുക്കിയിരിക്കുന്നത്.

KCN

more recommended stories