എന്റോസള്‍ഫാന്‍:സമരം സെക്രട്ടറിയേറ്റിലേക്ക്

മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിക്കാതെ വന്നതോടെ അമ്മമാരും കുട്ടികളും സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരം ഉള്‍പ്പെടെയുള്ള സമരം നടത്താന്‍ സമരസമിതി തീരുമാനിച്ചു.

നിയമസഭയില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു 1,031 ദുരിതബാധിതരെ ഒഴിവാക്കി എന്ന് പ്രഖ്യാപിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് 2024 ജൂലൈ 17 ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. 2017ലെ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ 1031 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നാലര മാസം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ സമരം നടത്തിയത്. കാഞ്ഞങ്ങാട് മണ്ഡലം എംഎല്‍എ യും മുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ 5 എം എല്‍ എ മാര്‍ മുഖ്യമന്ത്രിയുടെ മുമ്പില്‍ ഈ വിഷയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് അനുകൂലമായ നടപടി ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കിനെ തുടര്‍ന്നാണ് സമരം നിര്‍ത്തിവച്ചത്. ജില്ലാ ഭരണകൂടം അടക്കം നിരുത്തരവാദപരമായ സമീപനമാണ് ദുരിതബാധിതരുടെ കാര്യത്തില്‍ കാണിച്ചതെന്ന് യോഗം വിലയിരുത്തി.

2017ലെ മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ 1905 പേരില്‍ നിന്നാണ് ആദ്യം 287 പേരും പിന്നീട് നടത്തിയ സമരങ്ങളെ തുടര്‍ന്ന് 587 പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത് . ബാക്കി വന്ന 1031 പേരും പട്ടികയില്‍ ഉള്‍പ്പെടേണ്ടതാണെന്നും അത് ഒഴിവാക്കാനുള്ള തീരുമാനം പട്ടിക അട്ടിമറിക്കുന്നതിന് കൂടി വേണ്ടിയാണെന്നും അതുകൊണ്ടുതന്നെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകാന്‍ സമരസമിതി തീരുമാനിച്ചു. യോഗത്തില്‍ സി എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. ഇ തമ്പാന്‍, ശ്രീധരന്‍ മടികൈ, ബേബി അമ്പിളി, അംബാ പ്രസാദ് കാഞ്ഞങ്ങാട്, വി വി കൃഷ്ണന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പി കെ നാരായണന്‍, കെ പി കുമാരന്‍, ജഗദമ്മ എന്നിവര്‍ സംസാരിച്ചു. പി ഷൈനി സ്വാഗതവും പ്രസന്ന കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു…

KCN

more recommended stories