ഡബിള്‍ സ്മാര്‍ട്ട് ആയി കെ സ്മാര്‍ട്ട്; ലൈസന്‍സ് നേടിയത് 1,31,907 സ്ഥാപനങ്ങളെന്ന് കണക്കുകള്‍

തിരുവനന്തപുരം: കെ – സ്മാര്‍ട്ട് ആപ്പ് വഴി ലൈസന്‍സ് നേടിയത് 1,31,907 സ്ഥാപനങ്ങളെന്ന് കണക്കുകള്‍. 1,19,828 വ്യാപാര സ്ഥാപനം ലൈസന്‍സ് പുതുക്കി. 12,079 പേര്‍ പുതിയ ലൈസന്‍സ് എടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടം കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയിലെ സ്ഥാപനങ്ങളുടെ ലൈസന്‍സ്, വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് കെ – സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ വഴിയാക്കിയത്.

ഫീസടക്കുമ്പോള്‍തന്നെ ലൈസന്‍സ് ലഭിക്കും. 30 വരെയാണ് ലൈസന്‍സ് പുതുക്കാനുള്ള കാലാവധി. പിന്നീടുള്ള അപേക്ഷകള്‍ക്ക് പിഴയും ലേറ്റ് ഫീസും ഈടാക്കും. ലൈസന്‍സ് പുതുക്കുമ്പോള്‍ ഹരിതകര്‍മ സേനകള്‍ക്കുള്ള ഫീസ്, തൊഴില്‍ കെട്ടിട നികുതികള്‍ കുടിശ്ശികയാകരുത്. സംരംഭമനുസരിച്ച് സമര്‍പ്പിക്കേണ്ട രേഖകളില്‍ മാറ്റമുണ്ടാകും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ആവശ്യമായ സംരംഭങ്ങള്‍ ബോര്‍ഡ് അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എന്നിവ അപേക്ഷയ്ക്കൊപ്പം നല്‍കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാര്‍ട്ട് ഈ വര്‍ഷം ആദ്യമാണ് നിലവില്‍ വന്നത്. കെ-സ്മാര്‍ട്ട് അഥവാ കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ നിലവില്‍ വരുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഇപ്പോള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കും.

KCN

more recommended stories