സര്‍ക്കാര്‍ ആശുപത്രികള്‍ ഇനി ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’; പേരുമാറ്റത്തില്‍ കേന്ദ്രത്തിന് വഴങ്ങി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: പേര് മാറ്റത്തില്‍ കേന്ദ്രത്തിന് വഴങ്ങി ആരോഗ്യവകുപ്പ്. സര്‍ക്കാര്‍ ആശുപത്രികള്‍ ഇനി ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന് പേര് മാറ്റും. പ്രാഥമിക, ജനകീയ, കുടുംബ ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇതും ചേര്‍ക്കും. പേര് മാറ്റാനാകില്ലെന്ന നിലപാട് തിരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. എന്‍എച്ച്എം ഫണ്ടുകള്‍ കിട്ടാന്‍ തടസ്സമായതോടെയാണ് ആരോഗ്യവകുപ്പ് വഴങ്ങിയത്.

ഈ പേരിനൊപ്പം ആരോഗ്യ പരമം ധനം എന്ന ടാഗ്‌ലൈനും ചേര്‍ക്കും. പേര് മാറ്റാനാകില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മുന്‍നിലപാട്. എന്നാല്‍ പേര് മാറ്റാത്തതിനാല്‍ എന്‍എച്ച്എം ഫണ്ട് അനുവദിച്ചില്ല. ഇതോടെയാണ് ആരോഗ്യവകുപ്പ് അയഞ്ഞത്. പേര് മാറ്റം നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവ് നടപ്പിലാക്കാനാണ് നിര്‍ദേശം.

നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഫണ്ടിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ കുടുംബ, ജനകീയ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന് പേര് ചേര്‍ക്കണമെന്ന നിബന്ധന നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിനുള്ളില്‍ ഈ തീരുമാനം നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. എന്നാല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡിംഗ് നിബന്ധനകള്‍ക്ക് വഴങ്ങില്ല എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

KCN

more recommended stories