പ്രീമിയര്‍ ലീഗ്: സമനില, സിറ്റി കെണിയില്‍

pmലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിന് സാധ്യത കല്പിക്കപ്പെട്ടിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ ദുര്‍ബലരായ സണ്ടര്‍ലാന്‍ഡ് സമനിലക്കെണിയില്‍ കുരുക്കി. ലീഗില്‍ ലിവര്‍പൂളിനും ചെല്‍സിക്കുമൊപ്പം കിരീട പ്പോരാട്ടത്തില്‍ മുമ്പന്തിയിലുണ്ടായിരുന്ന സിറ്റിക്ക് സ്വന്തം മൈതാനത്ത് വഴങ്ങേണ്ടിവന്ന സമനില വമ്പന്‍ തിരിച്ചടിയായി. സിറ്റിക്കുവേണ്ടി ഫെര്‍മാണ്ടീന്യോ, സമീര്‍ നസ്‌റി എന്നിവര്‍ ഗോള്‍ നേടി. വീരോചിതമായി പൊരുതി കൊണോര്‍ വിക്കാം സണ്ടര്‍ലാന്‍ഡിനുവേണ്ടി നേടിയ ഇരട്ട ഗോളുകളാണ് സിറ്റി പ്രതീക്ഷകള്‍ക്ക് സമനിലയുടെ കൂച്ചുവിലങ്ങിട്ടത്. ലീഗില്‍ 33 കളികള്‍ പൂര്‍ത്തിയാക്കിയ മൂന്നാംസ്ഥാനക്കാരായ സിറ്റി(71 പോയന്റ്) ഇനി അഞ്ചു കളികള്‍ ബാക്കിയുണ്ട്. ഒരുകളിയുടെ ആനുകൂല്യമുണ്ടെങ്കിലും പട്ടികയില്‍ ഒന്നാമതുള്ള ലിവര്‍പൂളി(77 പോയന്റ്)നേക്കാള്‍ ആറു പോയന്റ് പിന്നിലായതാണ് സിറ്റിയുടെ കിരീടമോഹത്തിന് തടയിട്ടത്. ലിവര്‍പൂളിനൊപ്പം 34 കളി പൂര്‍ത്തിയാക്കിയ ചെല്‍സി 75 പോയന്റുമായി രണ്ടാമതാണ്. ലിവര്‍പൂളിന്റെ ഇനിയുള്ള മത്സരങ്ങളിലെ മോശം പ്രകടനങ്ങളെ ആശ്രയിച്ചാവും ചെല്‍സിക്കും സിറ്റിക്കും കിരീടവഴിയിലെ സാധ്യതകള്‍ തുറക്കുക. സണ്ടര്‍ലാന്‍ഡിനെതിരെ ഫെര്‍ണാണ്ടീന്യോ രണ്ടാംമിനിറ്റില്‍ നേടിയ ഗോളില്‍ ഇടവേളയില്‍ സിറ്റി 10 ന് മുന്നിട്ടുനിന്നു. രണ്ടാംപകുതിയില്‍ സണ്ടര്‍ലാന്‍ഡിനുവേണ്ടി വിക്കാം പത്തുമിനിറ്റിന്റെ ഇടവേളയില്‍ കുറിച്ച രണ്ടു ഗോള്‍ മാനുവല്‍ പെല്ലഗ്രിനിയുടെ സിറ്റി സംഘത്തെ പരാജയഭീതിയിലാക്കി. നിശ്ചിത സമയത്തിന് രണ്ടു മിനിറ്റ് ശേഷിക്കെ സമീര്‍ നസ്‌റി സിറ്റിയുടെ രക്ഷകനായി. നസ്‌റിയുടെ കനത്ത അടി തടുക്കാന്‍ ശ്രമിക്കുന്നതിനിടെ സണ്ടര്‍ലാന്‍ഡ് ഗോളി വിറ്റോ മനോനെയുടെ ദേഹത്ത് തട്ടി പന്ത് സന്ദര്‍ശകരുടെ വലയിലെത്തിയതോടെ സിറ്റി ഗാലറികളില്‍ ആശ്വാസത്തിന്റെ ആരവമുയര്‍ന്നു.

KCN

more recommended stories