പാരമ്പര്യത്തിന് നൂല് കോര്‍ത്ത് റഹിമിന്റെ തളങ്കര തൊപ്പി

mk  big copyതൊപ്പി നിര്‍മ്മാണത്തിലൂടെ ഒരു നാടുമുഴുവന്‍ ജീവിതവരുമാനം കണ്ടെത്തിയിരുന്ന കാലമുണ്ടായിരുന്നു തളങ്കര്‍ക്കാര്‍ക്ക്….വശ്യമായ കരവിരുത് കൊണ്ട് അവര്‍ തീര്‍ത്ത ആ തൊപ്പികള്‍ പിന്നീട് ലോകത്തിന്റെ ബ്രാന്‍ഡായി മാറി….തളങ്കര തൊപ്പി എന്നുള്ളത് ഓരോരുത്തരുടെയും ഏറ്റവും പ്രിയപ്പെട്ട തൊപ്പിയായി മാറിയപ്പോള്‍ ഒരുനാടിന്റെ പെരുമയാണ് അതിലൂടെ വളര്‍ന്നത്….തളങ്കരയിലെ തൊണ്ണൂറു ശതമാനം വീടുകളിലും ജീവിതത്തിന്റെ പുക ഉയര്‍ന്നത് തൊപ്പി സമ്മാനിച്ച വരുമാനത്തിലൂടെയായിരുന്നു…ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് മാത്രമല്ല ഗള്‍ഫ് നാടുകളിലേക്കും ആഫ്രിക്കയിലേക്കം വരെ തളങ്കരയിലെ തൊപ്പി ധാരാളമായി കയറ്റുമതി ചെയ്യപ്പെട്ടു…അന്ന് ഒരു തൊപ്പി ലഭിക്കണമെങ്കില്‍ ഓര്‍ഡര്‍ ചെയ്ത് ആഴ്ചകളോളം കാത്തിരിക്കണമായിരുന്നു….തളങ്കരയിലെ ഓരോ വീട്ടിലും തൊപ്പി ഒരുങ്ങുമ്പോള്‍ അതിന് അനുബന്ധമായി നൂറുക്കണക്കിന് പേര്‍ക്ക് തൊഴിലും ലഭിച്ചു. തൊപ്പികള്‍ക്ക് നൂല് കോര്‍ക്കലടക്കമുള്ള ജോലികള്‍ ചെയ്തിരുന്നത് അടുത്ത പ്രദേശങ്ങളിലെ സ്ത്രീകളായിരുന്നു…

കാലം മാറി കഥ മാറി…പുതിയ തലമുറ തൊപ്പി നിര്‍മ്മാണത്തില്‍ നിന്ന് പൂര്‍ണ്ണമായും അകന്നു….ഒടുവില്‍ ബാങ്കോട്ടെ അബ്ദുല്ല മാത്രം ആ തലമുറയിലെ അവസാന കണ്ണിയായി. മൂന്ന് പതിറ്റാണ്ടുകാലമാണ് അബ്ദുല്ല തളങ്കര തൊപ്പി നെയ്തത്. ഒടുവില്‍ അബ്ദുല്ല കിടപ്പിലായപ്പോള്‍ തളങ്കരയുടെ തൊപ്പി പെരുമ അവസാനിച്ചുവെന്നായിരുന്നു ഏവരും കണക്കുകൂട്ടിയത്.
എന്നാല്‍ അബ്ദുല്ലയുടെ മകന്‍ റഹിമിന് ആ പാരമ്പര്യത്തെ കൈവെടിയാനാകുമായിരുന്നില്ല…കണ്‍സ്ട്രക്ഷന്റെയും വസ്ത്രവ്യാപാരത്തിന്റെയും തിരക്കിനിടയില്‍ റഹിം ആ പാരമ്പര്യത്തിന് നൂലുകോര്‍ത്തുകൊണ്ടിരിക്കുകയാണിപ്പോള്‍. വലിയ മെച്ചമൊന്നുമില്ലെങ്കിലും ഏറെ പുണ്യമുള്ള തൊഴിലായിട്ടാണ് ഇതിനെ കാണുന്നതെന്ന് റഹിം പറഞ്ഞു.
ഏറെ തിരക്കിനിടയിലും റഹിം തൊപ്പി തുന്നിക്കൊണ്ടിരിക്കുകായണ്. അതിരാവിലെ സുബ്ഹി നിസ്‌ക്കാരം കഴിഞ്ഞാണ് നിര്‍മ്മാണ പ്രവര്‍ത്തനം. ഉപ്പയും ഉപ്പൂപ്പയും പകര്‍ന്നു തന്ന ഈ ജോലി കൈവെടിയാനാവില്ലെന്ന് റഹിം അഭിമാനത്തോടെ പറയുന്ന. ഉപ്പൂപ്പാന്റെ ഉപ്പ അബൂബക്കറും ഉപ്പൂപ്പ അബ്ദുല്ലയും ഉപ്പ അബൂബക്കറും തൊപ്പി നിര്‍മ്മാണത്തിലെ പേരുകേട്ടവരായിരുന്നു. ആ പാരമ്പര്യത്തെയാണ് റഹിമിന്റെ ഉപ്പ അബ്ദുല്ല മൂന്നു പതിറ്റാണ്ടുകാലം മഹിമയോടെ മുന്നോട്ടു നയിച്ചത്. തളങ്കര തൊപ്പി അസ്തമിക്കുന്നില്ലെന്ന് തെളിയിച്ചുകൊണ്ട് റഹിമും അതിനെ മുന്നോട്ടുകൊണ്ടുപോകുന്നു…
ഇപ്പോഴും നിരവധിപേരാണ് റഹിമിന്റെ വീട്ടിലേക്ക് തളങ്കര തൊപ്പി വാങ്ങാനെത്തുന്നത്. ഇന്ന് അതൊരു ഹരമാണെന്ന് തളങ്കരക്കാര്‍ പറയുന്നു…
എന്തായാലും തളങ്കര തൊപ്പി എന്നുള്ളത് മാഞ്ഞുപോകാത്ത വികാരമായി ഒരു നാടിനെ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

എബി കുട്ടിയാനം

KCN