സമരം പിന്‍വലിച്ചു; വിദ്യാനഗര്‍ സീതാംഗോളി റൂട്ടില്‍ ബസുകള്‍ ഞായറാഴ്ച ഓടിത്തുടങ്ങും

vidhyanagar-seethamgoli bus rootകാസര്‍കോട് വിദ്യാനഗര്‍-സീതാംഗോളി റൂട്ടില്‍ സ്വകാര്യബസ് തൊഴിലാളികള്‍ രണ്ടു ദിവസമായി നടത്തിവന്ന ബസ് സമരം പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ബസ് സമരം നിര്‍ത്തിവെച്ച് സര്‍വ്വീസ് പുനരാരംഭിക്കാന്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ തീരുമാനിച്ചത്. റോഡ് ശോചനീയാവസ്ഥയിലായതിനാല്‍ രണ്ടു ദിവസമായി ഈ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ബസ് തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചത്. മഴ കാരണമാണ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വൈകുന്നതെന്ന് പി ഡബ്ല്യു ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം റോഡിലെ കുഴികളടച്ച് ഗതാഗത യോഗ്യമാക്കുമെന്നും സെപ്റ്റംബര്‍ മാസത്തില്‍ റോഡില്‍ മെക്കാഡം ടാറിംഗ് പ്രവൃത്തി നടത്തുമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, പി ഡബ്ലു ഡി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ (റോഡ്‌സ്) പി പി സുരേഷ് ബാബു, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി കെ ഗിരീഷ്, പ്രസിഡണ്ട് ഹസൈനാര്‍ ഹാജി, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി പി കൃഷ്ണ കുമാര്‍, കെ എസ് ആര്‍ ടി സി അസി. ഡിപ്പോ മാനേജര്‍ ജയകുമാര്‍, കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് അനില്‍ കുമാര്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

KCN

more recommended stories