എം ജി റോഡ് റീ ടാറിംഗിലെ അഴിമതി; പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു

mg road vigilanceകാസര്‍കോട്: എം ജി റോഡ് റീ ടാറിംഗിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉത്തരവിട്ടു. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പരാതിയെപ്പറ്റി വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.

പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ മുതല്‍ സുല്‍ത്താന്‍ ഗോള്‍ഡിന് മുന്‍ വശം വരെയും, പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ പഴയ ട്രാഫിക് ജംഗ്ഷന്‍ വരെയും ഇടയിലുള്ള 800 മീറ്ററില്‍ 8000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ് 25 ലക്ഷം രൂപ ചിലവില്‍ റീ ടാറിംഗ് നടത്തിയത്. എന്നാല്‍ മൂന്ന് മാസം ആകുമ്പോഴേക്കും റീ ടാറിംഗ് നടത്തിയ ഭാഗം പാടേ തകര്‍ന്നുപോയി.

മാര്‍ച്ച് 28ന് രാത്രിയിലാണ് എം ജി റോഡില്‍ റീം ടാറിംഗ് നടത്തിയത്. മെക്കാഡത്തിന് സമാനമായ ടാറിംഗ് നടത്തേണ്ട റോഡില്‍ വന്‍ തുക ചിലവഴിച്ച് സാധാരണ രീതിയിലുള്ള ടാറിംഗ് നടത്തുന്നതിനെതിരെ നേരത്തെ തന്നെ ചിലര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ റീ ടാറിംഗ് നടത്തുകയായിരുന്നു.

മൂന്ന് മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നതോടെ വ്യാപാരികളും, പൊതുജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തുകയും മന്ത്രിക്ക് പരാതി നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ മന്ത്രി ഉത്തരവിട്ടത്.

KCN

more recommended stories