എയര്‍ ഇന്ത്യ റിയാദ്–കോഴിക്കോട് സര്‍വീസില്‍ അനിശ്ചിതത്വം

aiറിയാദ്: റിയാദില്‍നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകളില്‍ അനിശ്ചിതത്വം. റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളം അടച്ചിടുന്ന സാഹചര്യത്തില്‍ കരിപ്പൂരിലേക്കും തിരിച്ചുമുള്ള വിമാന ഷെഡ്യൂളുകള്‍ താളംതെറ്റുമെന്ന് ഉറപ്പാണ്. എന്നാല്‍, ഇതുസംബന്ധിച്ച് കൃത്യമായ വിവരം യാത്രക്കാര്‍ക്കോ ട്രാവല്‍ ഏജന്‍സികള്‍ക്കോ ലഭിച്ചിട്ടില്ല. മേയ് ആദ്യവാരത്തോടെ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ മൂന്നു വരെയാണ് റണ്‍വേ അടച്ചിടുക. ഈ സമയം സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ ഷെഡ്യൂളുകളെയാണ് ഇത് ബാധിക്കുക.
ഒരുമാസം മുമ്പ് പുതുക്കിയ സമയമനുസരിച്ച് റിയാദില്‍നിന്ന് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്നു ദിവസം കോഴിക്കോട്ടേക്ക് പോകുന്ന എ.ഐ 922 വിമാനം രാത്രി 10.50നാണ് കരിപ്പൂരില്‍ എത്തേണ്ടത്. ഈ സാഹചര്യത്തില്‍ റിയാദ്‌കോഴിക്കോട് സര്‍വീസുകളെ മുഴുവനും പുതിയ പ്രതിസന്ധി ബാധിക്കും. സമയം മാറ്റുകയോ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെക്കുകയോ മാത്രമായിരിക്കും പോംവഴി. നേരത്തേ പകല്‍ സമയത്ത് സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യയുടെ സര്‍വീസ് സൗദി സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാത്രിയിലേക്ക് മാറ്റിയത്. ഇത് വീണ്ടും പകല്‍സമയത്തേക്ക് മാറ്റിക്കിട്ടിയാല്‍ കോഴിക്കോട് സര്‍വീസ് തുടരാനാകുമെങ്കിലും ഇതുവരെ അധികൃതരില്‍നിന്ന് അനുകൂല മറുപടി ലഭിച്ചിട്ടില്ലത്രെ. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ റിയാദ്‌കോഴിക്കോട്‌റിയാദ് സര്‍വീസുകള്‍ റിയാദ്‌കൊച്ചിറിയാദ് സര്‍വീസായി മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളുടെ മിക്ക വിമാനസര്‍വീസും പകല്‍ സമയത്താണ് കോഴിക്കോട്ട് എത്തുക. അതിനാല്‍ ഈ സര്‍വീസുകളെ ബാധിക്കില്ല. മധ്യവേനലവധി ഉള്‍പ്പെടെ കനത്ത തിരക്ക് പടിവാതിലില്‍ എത്തിനില്‍ക്കെയാണ് കരിപ്പൂരില്‍ റണ്‍വേ വികസനം ആരംഭിക്കുന്നത്. എയര്‍ ഇന്ത്യ റിയാദ് സര്‍വീസുകളുടെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മലബാറില്‍നിന്നുള്ള പ്രവാസികള്‍ക്ക് ഈ സീസണും ദുരിതപൂര്‍ണമാകും. സ്‌കൂള്‍ അടച്ചതോടെ സന്ദര്‍ശനത്തിനെത്തിയ നിരവധി കുടുംബങ്ങള്‍ മേയ് അവസാനമാകുന്നതോടെ തിരിച്ചുപോകാന്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റെടുത്തിട്ടുണ്ട്.

KCN

more recommended stories