ജിഷ്ണു കേസില്‍ സര്‍ക്കാരിന് അപാകതകള്‍ സംഭവിച്ചു; എം.എ ബേബി

salman copy

വടകര: ജിഷ്ണുവിന്റെ കേസില്‍ ചില അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. അപാകതകള്‍ സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ തന്നെ ധരിപ്പിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎമ്മിന്റെ പ്രതിനിധി എന്ന നിലയിലാണ് താന്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ കണ്ടതെന്നും ബേബി പറഞ്ഞു. ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ഏറ്റവും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കുടുംബാംഗങ്ങള്‍ സമരത്തിനൊരുങ്ങുന്നു. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ദിവസത്തിനകം പ്രതികളെ പിടികൂടിയില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ജിഷ്ണുവിന്റെ കൊലയാളികളെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ ആരോപിച്ചു. കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ജാഗ്രത ജിഷ്ണുവിന്റെ കാര്യത്തില്‍ കാണിച്ചില്ലെന്നും തങ്ങള്‍ക്ക് പണമല്ല വേണ്ടത്, നീതിയാണെന്നും മഹിജ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാതെ മുഖ്യമന്ത്രി വീട്ടില്‍ വന്നിട്ട് കാര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. കേസിലെ പ്രതി കൃഷ്ണദാസിനെ ആരോ കൃത്യമായി സംരക്ഷിക്കുന്നുണ്ടെന്നും മഹിജ പറഞ്ഞു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച ആള്‍ക്ക് കോടതിയില്‍ നിര്‍ഭയം പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

KCN

more recommended stories