ചെമ്മനാട് വ്യാപക വയല്‍നികത്തല്‍

 

കാസര്‍കോട്: ചെമ്മനാട് മേഖലയില്‍ വ്യാപകമായ വയല്‍ നികത്തല്‍. ചെമ്മനാട് പഞ്ചായത്തില്‍ കളനാട് വില്ലേജ് പരിധിയില്‍ വരുന്ന സ്ഥലത്താണ് ഒരേക്കറോളം വയല്‍ നികത്തിയിരിക്കുന്നത്.രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് മണ്ണുമായി ടിപ്പറുകള്‍ എത്തുന്നത്. പുലര്‍ച്ചെ വരെ അത് തുടരുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഈ മേഖലയില്‍ അനധികൃതമായി വയല്‍ നികത്തിയത് സംബന്ധിച്ച് 32 കേസുകള്‍ റവന്യു അധികൃതര്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. രാത്രിയിലുള്ള വയല്‍ നികത്തലിനെതിരെ പോലീസ് നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തെങ്ങിന്‍ തോപ്പുകളും പുതുതായി യഥേഷ്ടം മണ്ണിട്ട് നികത്തുന്നുണ്ട്.
വര്‍ഷങ്ങളായി തരിശിട്ടിരിക്കുന്ന വയലാണ് ഇപ്പോള്‍ നികത്തിത്തുടങ്ങിയിരിക്കുന്നത്. തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുന്നതോടെ നാട്ടില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
കെ.എസ്.ടി.പി.റോഡ് പണിയുടെ ഭാഗമായി ഈ ഭാഗത്ത് വയലില്‍ മണ്ണിട്ടിരുന്നു. അത് നീക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

KCN

more recommended stories