കല്‍പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ അരിയില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ ഡിഎംഒയോട് കളക്ടര്‍ വിശദീകരണം തേടിയിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍. ഓരോ പഞ്ചായത്തിലും റവന്യു വകുപ്പ് നല്‍കിയ അരിയുടെ കണക്കുണ്ടെന്നും ആ അരിയില്‍ യാതൊരു വിധ പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മേപ്പാടി പഞ്ചായത്തിനൊപ്പം അരി വിതരണം ചെയ്ത മറ്റു പഞ്ചായത്തുകളില്‍ ഒരു പ്രശ്‌നവുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2 മാസം മുമ്പ് കിട്ടിയ വസ്തുക്കളിലാണ് പ്രശ്നമെന്നാണ് പുതിയ വാദം. എന്ത് കൊണ്ട് രണ്ട് മാസമായിട്ട് ഈ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തില്ലെന്ന് ചോദിച്ച മന്ത്രി തെരഞ്ഞെടുപ്പ് വരാന്‍ കാത്തു വെച്ചത് ആണോയെന്നും കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബറില്‍ നല്‍കിയ ഭക്ഷ്യ വസ്തുക്കള്‍ മറ്റിടങ്ങളില്‍ വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. മുഖം പതിപ്പിച്ച കിറ്റുകള്‍ എങ്ങനെ വന്നുവെന്നും കെ രാജന്‍ ചോദിച്ചു. മേപ്പാടി ദുരന്തബാധിതരെ ഇനിയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. ഏതെങ്കിലും ഏജന്‍സികള്‍ നല്‍കിയ ഭക്ഷ്യ വസ്തുക്കള്‍ ആണെങ്കില്‍ എന്ത് കൊണ്ട് ഇതുവരെയും വിതരണം ചെയ്തില്ലയെന്നും മന്ത്രി ചോദിച്ചു, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ വിവാദം കെട്ടടങ്ങുമെന്നാണ് കരുതുന്നതെന്നും മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു.
മേപ്പാടി കുന്നംമ്പറ്റയിലെ 5 കുടുംബങ്ങള്‍ക്ക് കിട്ടിയ കിറ്റിലാണ് പുഴുക്കള്‍ കണ്ടെത്തിയത്. പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലെ അരി, ആട്ട, റവ തുടങ്ങിയ പലതും കട്ട പിടിച്ചും പുഴുവരിച്ച നിലയിലുമായിരുന്നു. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിനെതിരെയാണ് പരാതി ഉയര്‍ന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ പഞ്ചായത്തിലേക്ക് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്.
പഞ്ചായത്തിലെ മേശയും ബെഞ്ചും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ എടുത്തെറിഞ്ഞു. ഭക്ഷ്യ കിറ്റ് ലഭിച്ചത് റവന്യൂ സന്നദ്ധ സംഘടനകളില്‍ നിന്നെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. എന്നാല്‍, ചില കിറ്റുകളില്‍ മാത്രം പുഴു വന്നത് ഗൂഢാലോചന ആണെന്ന് യുഡിഎഫും ആരോപിക്കുന്നു.