ബിഹാറില്‍ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്. ഇതിനിടെ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് എന്‍ഡിഎയുമായി സഹകരിക്കാന്‍ തീരുമാനിച്ചു. നേരത്തെ ആര്‍ജെഡിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്തായ തേജ് പ്രതാപ് യാദവ് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് മത്സരിച്ചെങ്കിലും വന്‍പരാജയമാണ് നേരിട്ടത്.

ഇത്തവണയും രണ്ടു ഉപമുഖ്യ മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉണ്ടാകും. ബിജെപിക്കും ജെഡിയുവിനും തുല്യമന്ത്രി സ്ഥാനങ്ങള്‍ ലഭിക്കും. എല്‍ ജെ പി ക്ക് രണ്ടു മന്ത്രി സ്ഥാനങ്ങള്‍ നല്‍കും. ആര്‍എല്‍എം, എച്ച് എ എം എന്നിവര്‍ക്ക് ഓരോ മന്ത്രി സ്ഥാനങ്ങളും നല്‍കാന്‍ തീരുമാനമായി. ബിജെപി നിയമസഭ കക്ഷിയോഗം നാളെ ചേരും. ജെ ഡി യു എംഎല്‍എമാര്‍ ഇന്ന് പട്‌നയില്‍ യോഗം ചേരും.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജി നല്‍കിയേക്കും. രാജിക്ക് പിന്നാലെ എന്‍ഡിഎ നിയമസഭ കക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതീഷ് കുമാറിനെ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കാനാണ് നീക്കം. പുതിയ മന്ത്രിസഭ സംബന്ധിച്ച ഫോര്‍മുലയും തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ ഗാന്ധി മൈതാനില്‍ വലിയ ആഘോഷത്തോടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്താനാണ് എന്‍ഡിഎ തീരുമാനിച്ചിരിക്കുന്നത്.

Scroll to Top