തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇന്ന് ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മന്നാര്‍ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതേസമയം നാളെ മുതല്‍ നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന മഴയില്‍ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് മഴ വിട്ട് നില്കും. അതോടൊപ്പം പകല്‍ ചൂടും വര്‍ധിക്കും. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുമെങ്കിലും ചുരുക്കം ചില മേഖലകളില്‍ ഒതുങ്ങുമെന്നും കാലാവസ്ഥാ നീരീക്ഷകര്‍ വിലയിരുത്തുന്നു. നവംബര്‍ 23’ന് ശേഷം ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ട് ശക്തി പ്രാപിച്ചു തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായും സൂചനയുണ്ട്.