Thursday, November 21, 2024
Home National യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

by KCN CHANNEL
0 comment

ദില്ലി: കശ്മീരിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ സഹമന്ത്രി രവ്‌നീത് സിംഗ്. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്കില്‍ (യുഎസ്ബിആര്‍എല്‍) കശ്മീരിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ടൂറിസം മേഖലയ്ക്കും കൂടുതല്‍ കരുത്ത് പകരുമെന്നും രവ്‌നീത് സിംഗ് കൂട്ടിച്ചേര്‍ത്തു.

ദില്ലി – കശ്മീര്‍ വന്ദേ ഭാരത് എക്സ്പ്രസിന് 11 എസി 3-ടയര്‍ കോച്ചുകളും നാല് എസി 2-ടയര്‍ കോച്ചുകളും ഒരു ഫസ്റ്റ് എസി കോച്ചും ഉണ്ടായിരിക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് റെയില്‍ പാലത്തിലൂടെ ട്രെയിന്‍ കടന്നുപോകും. പദ്ധതിയുടെ ആകെയുള്ള 272 കിലോ മീറ്ററില്‍ 255 കിലോ മീറ്ററും റെയില്‍വേ പൂര്‍ത്തിയാക്കി കഴിഞ്ഞു. കത്രയ്ക്കും റിയാസിക്കും ഇടയിലുള്ള 17 കിലോ മീറ്ററില്‍ ചെറിയൊരു ഭാഗം ഡിസംബറോടെ പൂര്‍ത്തിയാക്കും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ ഉദ്ഘാടന തീയതി തീരുമാനിക്കുകയുള്ളൂവെന്നും ഇത് എന്‍ഡിഎ സര്‍ക്കാരില്‍ നിന്നും പ്രധാനമന്ത്രിയില്‍ നിന്നും കശ്മീരിലെ ജനങ്ങള്‍ക്കുള്ള സമ്മാനമാണെന്ന് രവ്‌നീത് സിംഗ് പറഞ്ഞു.

ശൈത്യകാലത്ത് ഹൈവേകളും മറ്റ് റോഡുകളും അടച്ചിടേണ്ട സാഹചര്യം വരുമ്പോള്‍ ഈ പദ്ധതി താഴ്വരയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്നാണ് വിലയിരുത്തല്‍. ദില്ലിയില്‍ നിന്ന് കശ്മീരിലേക്ക് വെറും 1,500 രൂപ മുതല്‍ 2,100 രൂപ വരെയാകും ടിക്കറ്റ് നിരക്ക്. യാത്രാമധ്യേ ജമ്മുവിലും മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലും സ്റ്റോപ്പുകളുണ്ടാകും. വലിയ ടൂറിസം സാധ്യതകളുള്ള ഈ പദ്ധതിയില്‍ പങ്കാളികളായ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും ത്യാഗത്തെയും പ്രയത്‌നത്തെയും മന്ത്രി അഭിനന്ദിച്ചു.
കശ്മീരിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ സഹമന്ത്രി രവ്‌നീത് സിംഗ്. കശ്മീരിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ സഹമന്ത്രി രവ്‌നീത് സിംഗ്.

You may also like

Leave a Comment