നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ച് നൈജീരിയ. ഗ്രാന്‍ഡ് കമാന്റര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ നൈജര്‍ ആണ് നല്‍കിയത്. എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന വിദേശീയ വിശിഷ്ട വ്യക്തിത്വമാണ് നരേന്ദ്ര മോദി. 1969ലാണ് എലിസബത്ത് രാജ്ഞിക്ക് ഈ ആദരം ലഭിച്ചത്.
പുരസ്‌കാരം താന്‍ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കായി പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും മോദി പ്രതികരിച്ചു. മോദിക്ക് ലഭിക്കുന്ന 17-ാമത്തെ രാജ്യാന്തര പുരസ്‌കാരമാണ് ഗ്രാന്‍ഡ് കമാന്റര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ നൈജര്‍.
നൈജീരിയയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് തങ്ങള്‍ ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നുവെന്ന് മോദി പറഞ്ഞു. ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ പുതിയ അധ്യായത്തിന് ചര്‍ച്ചകള്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദം, വിഘടനവാദം, കടല്‍ക്കൊള്ള, മയക്കുമരുന്ന് കടത്ത് എന്നിവ പ്രധാന വെല്ലുവിളികളാണെന്നും ഇവ നേരിടാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പതിനേഴ് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയ സന്ദര്‍ശിക്കുന്നത്.