മഹാരാഷ്ട്ര മഹായുതി സഖ്യത്തിനെന്നാണ് ആദ്യം വന്ന പോള്‍ ഡയറി എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. ജാര്‍ഖണ്ഡില്‍ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം പ്രവചിച്ച ഭാരത് പ്ലസ് എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ മഹാരാഷ്ട്രയിലും എന്‍ഡിഎക്ക് സന്തോഷിക്കാനുള്ള ഫലമാണ് പുറത്തുവന്നത്. മഹാരാഷ്ട്ര മഹായുതി സഖ്യത്തിനെന്നാണ് ആദ്യം വന്ന പോള്‍ ഡയറി എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം 152 മുതല്‍ 160 സീറ്റ് വരെ നേടുമെന്നും ഇന്ത്യ സഖ്യം 130 മുതല്‍ 138 വരെ സീറ്റ് നേടുമെന്നും മറ്റുള്ളവര്‍ പരമാവധി എട്ട് സീറ്റ് നേടുമെന്നുമാണ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം. മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് 122 മുതല്‍ 186 വരെ സീറ്റുകള്‍ പോള്‍ ഡയറി പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് 69 മുതല്‍ 121 വരെ സീറ്റ് ലഭിക്കുമെന്നും ഈ ഫലം പറയുന്നു. മറ്റുള്ളവര്‍ 8 മുതല്‍ 10 വരെ സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്. പീപ്പിള്‍സ് പള്‍സ് ഫലം പ്രകാരം എന്‍ ഡി എ 175 -195 വരെ സീറ്റ് നേടും. ഇന്ത്യ സഖ്യം 85-112 സീറ്റ് നേടും. മറ്റുള്ളവര്‍ 8-10 സീറ്റുകളില്‍ വിജയിക്കും. മഹാരാഷ്ട്രയില്‍ തൂക്ക് സഭയ്ക്ക് സാധ്യതയെന്നാണ് ലോക്ഷാഹി മറാത്തിയുടെ എക്‌സിറ്റ് പോള്‍ ഫലം. മഹായുതി സഖ്യം 128-142 സീറ്റും മഹാ അഗാഡി സഖ്യം 125-140 സീറ്റ് വരെയും നേടും.
ഭാരത് പ്ലസ് ന്യൂസ് സ്റ്റാറ്റ്‌സ്‌കോപ് എക്‌സിറ്റ് പോള്‍ ഫലം പ്രകാരം ബിജെപി 43 ഉം ജെഎംഎം 21 ഉം സീറ്റ് നേടും. സംസ്ഥാനം ഇപ്പോള്‍ ഭരിക്കുന്നത് ജെഎംഎം-കോണ്‍ഗ്രസ് സഖ്യമാണ്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒന്‍പത് സീറ്റാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. എജെഎസ്യു നാല് സീറ്റ് നേടുമെന്നും ഈ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. ടൈംസ് നൗ എക്‌സിറ്റ് പോളും സമാന ഫലം പ്രവചിക്കുന്നു. എന്‍ഡിഎക്ക് 40 മുതല്‍ 44 വരെ സീറ്റും ഇന്ത്യ മുന്നണിക്ക് 30 മുതല്‍ 44 വരെ സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ ഒരു സീറ്റില്‍ ഒതുങ്ങും. പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോള്‍ ഫലവും ജാര്‍ഖണ്ഡില്‍ എന്‍ഡിഎ അധികാരം പ്രവചിക്കുന്നു. 47 സീറ്റാണ് എന്‍ഡിഎക്ക് ലഭിക്കുക. ഇന്ത്യ മുന്നണിക്ക് 31 സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്. ജാര്‍ഖണ്ഡ് ഇന്ത്യാസഖ്യം തൂത്തു വാരുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് 53 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്ന് പ്രവചനം പറയുന്നു. ആദിവാസി ഗോത്ര മേഖലയായ സന്താള്‍ പര്‍ഗാനയിലെ 18 സീറ്റില്‍ 15 ഉം ഇന്ത്യ സഖ്യത്തിനെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം.